ലോകത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേള; 'ലോഗോസ് ഹോപ്പ്' കപ്പൽ ഒമാനിൽ എത്തി
സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തിയ 'ലോഗോസ് ഹോപ്പ്' കപ്പലിലെ പുസ്തക പ്രദർശനത്തിലേക്ക് കുട്ടികളടക്കമുള്ള നിരവധി വായനക്കാരാണ് എത്തുന്നത്
മസ്‌ക്കത്ത്: ലോകത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേളയെന്ന് വിശേഷിക്കുന്ന 'ലോഗോസ് ഹോപ്പ്' കപ്പൽ ഒമാനിൽ എത്തി. സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തിയ ലോഗോസ് ഹോപ്പ് കപ്പലിലെ പുസ്തക പ്രദർശനത്തിലേക്ക് കുട്ടികളടക്കമുള്ള നിരവധി വായനക്കാരാണ് എത്തുന്നത്.
'ലോഗോസ് ഹോപ്പ്' കപ്പൽ ജൂലൈ 24വരെ സുൽത്താൻ ഖാബൂസ് തുറമുഖത്തും 27 മുതൽ ആഗസ്റ്റ് മൂന്നുവരെ സലാല തുറമുഖത്തും പുസ്തകങ്ങളുമായി നങ്കൂരമിടും. കപ്പലിലേക്ക് ഉള്ള പ്രവേശനത്തിന് നേരിട്ടെത്തിയും വെബ്സൈറ്റ് വഴിയും ടിക്കറ്റ് സ്വന്തമാക്കാം. 500 ബൈസയാണ് 'ലോഗോസ് ഹോപ്പ്'കപ്പലിലേക്ക് ഉള്ള പ്രവേശന ഫീസ്.
12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. സന്ദർശകർക്ക് റസിഡന്റ്, ഐ ഡി കാർഡുകൾ നിർബന്ധമാണ്. 18 വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കളോടൊപ്പം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. വൈകീട്ട് നാല് മണിമുതൽ രാത്രി പത്തുമണിവരെയാണ് പ്രവേശന സമയം.
ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ ലോകോത്തര എഴുത്തുകാരുടെ നോവലുകൾ, ചരിത്രം, സംസ്‌കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉൾക്കൊള്ളിച്ചാണ് പുസ്തക പ്രദർശനം നടത്തുന്നത്. 5000ത്തിലേറെ പുസ്തകങ്ങളാണ് ലോഗോസ് ഹോപ്പ് കപ്പൽ പുസ്തകശാലയിൽ ഒരുക്കിയിട്ടുള്ളത്. പുസ്തക പ്രേമികൾക്ക് ആവേശം പകർന്ന് നേരത്തെ 2011ലും 2013ലും കപ്പൽ ഒമാൻ എത്തിയിരുന്നു.