എണ്ണ ഉൽപാദനത്തിൽ വൻകുതിച്ചുചാട്ടമുണ്ടാകും: ഒമാൻ ഊർജ, ധാതു വകുപ്പ് മന്ത്രി
എണ്ണ ഉൽപാദനം ഒരുലക്ഷംവരെ ഉയർത്താൻ സഹായിക്കുന്ന പുതിയ എണ്ണ ഉറവിടം ഒമാനിൽ പ്രവർത്തിക്കുന്ന കമ്പനികൾ കണ്ടെത്തിയതായാണ് വിവരം
എണ്ണ ഉൽപാദനത്തിൽ അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ വൻകുതിച്ചുചാട്ടമുണ്ടാകുമെന്ന് ഒമാൻ ഊർജ, ധാതു വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ റംഹി പറഞ്ഞു. ഒമാൻ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമർശം. എണ്ണ ഉൽപാദനം ഒരുലക്ഷംവരെ ഉയർത്താൻ സഹായിക്കുന്ന പുതിയ എണ്ണ ഉറവിടം ഒമാനിൽ പ്രവർത്തിക്കുന്ന കമ്പനികൾ കണ്ടെത്തിയതായാണ് വിവരം.
ഉത്പാദന ആവശ്യകതകൾ നിറവേറ്റുന്നതിന് എണ്ണ പര്യവേക്ഷണം തുടരുകയാണ്. ജബൽ ഖൂഫ് പദ്ധതിയും ബ്ലോക്ക് 10, ബ്ലോക്ക് 12, ബ്ലോക്ക് 77 എന്നിവയുമാണ് നിലവിലെ പ്രകൃതിവാതക പദ്ധതികൾ. ഒമാനിലെ നിലവിലെ ക്രൂഡ് ഓയിൽ ശേഖരം 5.2 ശതകോടി ബാരൽ ആണെന്നും വാതക ശേഖരം ഏകദേശം ട്രില്യൺ ക്യൂബിക് അടി ആണ്. ഇറാനിൽ നിന്ന് ഒമാനിലേക്ക് 15 വർഷത്തേക്ക് ഏകദേശം 28 ദശലക്ഷം ക്യുബിക് മീറ്റർ വാതകം പമ്പ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.