ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് തിരഞ്ഞെടുപ്പ്: മത്സര രംഗത്ത് മൂന്ന് മലയാളികൾ

21 ഡയറക്ടർ ബോർഡ് അംഗങ്ങളിൽ പത്തുപേരെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കും,ആദ്യമായാണ് വിദേശികൾക്ക് അവസരം ലഭിക്കുന്നത്

Update: 2022-11-04 18:22 GMT
Advertising

ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂന്ന് മലയാളികളും. ഒമ്പത്‌ പ്രവാസികളാണ് മത്സര രംഗത്തുള്ളത്. ആദ്യമായാണ് വിദേശികൾക്ക് അവസരം ലഭിക്കുന്നത്. നവംബർ 22ന് തിരഞ്ഞെടുപ്പ് നടക്കും. വോട്ടേഴ്‌സ് രജിസ്‌ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 27ന് അവസാനിച്ചിരുന്നു.

ബദർ അൽ സമ ഹോസ്പിറ്റൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ലത്വീഫ് ഉപ്പള, സുഹാർ ഷിപ്പിംഗ് മാനേജിംഗ് ഡയറക്ടർ എബ്രഹാം തനങ്ങാടൻ, കിംസ് ഒമാൻ ഹോസ്പിറ്റൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ വി എം എ ഹകീം, എന്നിവരാണ് മത്സര രംഗത്തുള്ള മൂന്ന് മലയാളികൾ. ഈജിപ്ത്, പാകിസ്ഥാൻ, ലബനൻ, സിറിയ പൗരൻമാരായ വിദേശി വ്യവസായികളും മത്സര രംഗത്തുണ്ട്.

ആകെ 21 സീറ്റുകളിലേക്കാണ് മത്സരം. അതോടൊപ്പം ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ വിവിധ ശാഖകളിക്കേും തെരഞ്ഞെടുപ്പ് നടക്കും. 21 ഡയറക്ടർ ബോർഡ് അംഗങ്ങളിൽ പത്തുപേരെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കും.

അഞ്ച് സീറ്റുകൾ പബ്ലിക് ജോയിൻറ് സ്റ്റോക്ക് കമ്പനികളിൽ നിന്നുള്ളവർക്കായിരിക്കും. ഒരു സീറ്റ് വിദേശ നിക്ഷേപകരുടെ പ്രതിനിധകളായ വിദേശികൾക്കായിരിക്കും. ഈ സീറ്റിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ ഒമാനിൽ താമസക്കാരായിരിക്കണം. ബാക്കിയുള്ള സീറ്റുകൾ മസ്‌കത്ത് ഗവർണറേറ്റിൽ നിന്നുള്ളവർക്കായിരിക്കും.

ദീർഘകാല നിക്ഷേപക വിസയുള്ള വിദേശ നിക്ഷേപകർക്കാണ് മത്സരിക്കാൻ അവസരമൊരുക്കിയിരുന്നത്. സ്ഥാനാർഥിക്ക് ബിരുദമോ സ്വകാര്യ മേഖലയിൽ പത്ത് വർഷത്തിൽ കുറയാത്ത ബിസിനസ്സ് പരിചയമോ വേണം.

അഞ്ച് വർഷത്തിൽ കുറയാത്ത ഒ സി സി ഐ അംഗത്വത്തോടെയുള്ള ബിസിനസ്സ് പരിചയമാണ് വേണ്ടത്. 13,000 കമ്പനികളാണ് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 61 ശതമാനവും ഫസ്റ്റ്, പ്രീമിയം ക്ലാസുകളിൽ നിന്നുള്ളവരാണ്. ഇവർക്കെല്ലാം വോട്ടവകാശം ഉണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News