വിസാ തട്ടിപ്പ് തടയാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'ഓപ്പറേഷൻ ശുഭയാത്ര'ക്ക് തുടക്കമായി

തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്തി നോര്‍ക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പൊലീസ് എന്നിവരുടെ സംയുക്ത യോഗം വിളിച്ചിരുന്നു.

Update: 2022-08-20 01:09 GMT
Advertising

വിസാ തട്ടിപ്പ് തടയാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'ഓപ്പറേഷൻ ശുഭയാത്ര'ക്ക് തുടക്കമായി. വിസാ തട്ടിപ്പ്, റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരകൾക്ക് പരാതി നൽകാൻ 24 മണിക്കൂർ ഹെൽപ് ലൈനും, ഇമെയിൽ സംവിധാനവും നിലവിൽ വന്നു. മനുഷ്യക്കടത്ത് തടയാൻ എല്ലാ ജില്ലകളിലും ആന്‍റി ഹ്യൂമൻ ട്രാഫിക് യൂണിറ്റും രൂപീകരിച്ചു.

കേരളാ പൊലീസ്, നോര്‍ക്ക, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് എന്നിവ സംയുക്തമായാണ് ഓപ്പറേഷൻ ശുഭയാത്ര നടപ്പാക്കുന്നത്. വിവിധ രാജ്യങ്ങളിൽ മലയാളികൾ തൊഴിൽ തട്ടിപ്പിന് ഇരയാകുന്ന സാഹചര്യത്തിൽ ഓപ്പറേഷൻ ശുഭയാത്ര എന്ന പദ്ധതി ആരംഭിക്കുമെന്ന് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ദുബൈയിലെ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആറിയിച്ചിരുന്നു.

അനധികൃത റിക്രൂട്ട്‌മെന്‍റുകള്‍, വിസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിൽ പരാതി നൽകാം. spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും വിവരം അറിയിക്കാം.

തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്തി നോര്‍ക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പൊലീസ് എന്നിവരുടെ സംയുക്ത യോഗം വിളിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഓപ്പറേഷന്‍ ശുഭയാത്ര നടപ്പിലാക്കാന്‍ തീരുമാനിച്ചത്. തൊഴിൽ തട്ടിപ്പ് ഇരകളെ നാട്ടിലെത്തിക്കാൻ വിദേശത്തെ എംബസികളും, കോൺസുലേറ്റും, നോർക്കയും നിലവിൽ നൽകുന്ന സഹായത്തിന് പുറമെയാണിത്.

സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്ട്മെന്‍റ് തട്ടിപ്പ് തടയാൻ പൊലീസ് സൈബര്‍ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തുമെന്ന് നോർക്ക വാർത്താക്കുറിപ്പിൽ അറിയിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി സ്റ്റേറ്റ് സെല്ലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എല്ലാ പൊലീസ് ജില്ലകളിലും ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റുകളും രൂപീകരിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News