ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരുമായി രണ്ടാമത്തെ വിമാനം ദോഹയിലെത്തി
കുട്ടികളെ പ്രിയ താരങ്ങളുടെ ജേഴ്‌സി സമ്മാനമായി നൽകിയാണ് ഖത്തറിലേക്ക് സ്വാഗതം ചെയ്തത്
ദോഹ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരുമായി രണ്ടാമത്തെ വിമാനം ദോഹയിലെത്തി. ഇസ്രായേലിന്റെ നിഷ്ഠൂരമായ ആക്രമണത്തിൽ പരിക്കേറ്റ 1500 പേരുടെ ചികിത്സ ഏറ്റെടുക്കുമെന്നും 3000 അനാഥരെ സംരക്ഷിക്കുമെന്നും ഈ മാസം മൂന്നിന് ഖത്തർ അമീർ അറിയിച്ചിരുന്നു. ഈ മാസം നാലിന് ആദ്യ സംഘം ഖത്തറിലെത്തുകയും ചെയ്തു.
ഇന്നലെയാണ് രണ്ടാം വിമാനം ദോഹയിലെത്തിയത്. ദോഹയിൽ ഇവരെ സ്വീകരിച്ച് ഖത്തർ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ അൽ ഖാതിർ സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു.
ഇവർക്ക് ഓരോരുത്തർക്കും ഓരോ കഥ പറയാനുണ്ട്, വീട് നഷ്ടപ്പെട്ടവർ, ഉറ്റവരെ നഷ്ടപ്പെട്ടവർ, കയ്യോ കാലോ നഷ്ടമായവർ, പക്ഷെ അവരുടെ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, ക്ഷമ നഷ്ടമായിട്ടില്ല, ഹൃദയത്തിൽ നിന്നുള്ള പുഞ്ചിരിയും നഷ്ടമായിട്ടില്ല,
ഖത്തരി വ്യോമസേനയാണ് ഇവരെ ദോഹയിലെത്തിച്ചത്. കുട്ടികളെ പ്രിയ താരങ്ങളുടെ ജേഴ്‌സി സമ്മാനമായി നൽകിയാണ് ഖത്തറിലേക്ക് സ്വാഗതം ചെയ്തത്. ഇവരെ ഖത്തറിലെത്തിക്കാൻ സൗകര്യമൊരുക്കിയ ഈജിപ്തിന് മന്ത്രി നന്ദി പറയുകയും ചെയ്തു.