ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഖത്തറിലെ അഫ്ഗാന്‍ അഭയാര്‍ത്ഥി താമസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു
ഇന്ന് രാവിലെയോടെയാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ദോഹയിലെത്തിയത്
ഖത്തര്‍ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ദോഹയിലെ അഫ്ഗാന്‍ അഭയാര്‍ത്ഥി താമസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഖത്തര്‍ അമീര്‍, വിദേശകാര്യമന്ത്രി തുടങ്ങിയവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയോടെയാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ദോഹയിലെത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ഉഭയകക്ഷി ബന്ധം വിലയിരുത്തുന്നതിനൊപ്പം അഫ്ഗാനിലെ ഏറ്റവും പുതിയ സ്ഥിതിഗതികളും കൂടിക്കാഴ്ച്ചകളില്‍ ചര്‍ച്ചയായി. ബ്രീട്ടീഷ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കാബൂളില്‍ നിന്നും ഒഴിപ്പിക്കാനായി ഖത്തര്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് അദ്ദേഹം നന്ദിയര്‍പ്പിച്ചു. മന്ത്രിതല കൂടിക്കാഴ്ച്ചകൾക്കു ശേഷം ഡൊമിനിക് റാബ് ദോഹയിലെ അഫ്ഗാൻ അഭയാർഥികളെ സന്ദർശിച്ചു. ഖത്തര്‍ വിദശകാര്യമന്ത്രി, അസിസ്റ്റന്‍റ് വിദേശകാര്യമന്ത്രി ലുല്‍വ അല്‍ ഖാതിര്‍ തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിച്ചു. അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായി ഖത്തര്‍ ഒരുക്കിയ മികച്ച സൗകര്യങ്ങള്‍ അദ്ദേഹം കണ്ടറിഞ്ഞു. ലോകകപ്പിനായി ഒരുക്കിയ ബഹുനില പാർപ്പിട സമുച്ചയങ്ങളിലാണ് ഖത്തർ അഫ്ഗാൻ അഭയാർഥികൾക്ക് താമസസൗകര്യമൊരുക്കിത്.