ഖത്തറിൽ വാടകക്കരാർ രജിസ്ട്രേഷൻ ഡിജിറ്റലൈസ് ചെയ്യുന്നു
രജിസ്ട്രേഷൻ നടപടികൾ നിയന്ത്രിക്കാനും ഡാറ്റ എൻട്രി, സ്ഥിരീകരണം, അപ്രൂവൽ എന്നിവ കൂടുതൽ മെച്ചപ്പെടുത്താനും ഇത് സഹായകമാകും
ദോഹ: ഖത്തറിൽ വാടകക്കരാർ രജിസ്ട്രേഷൻ ഡിജിറ്റലൈസ് ചെയ്യുന്നു. പുതിയ സേവനവുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് വാടകക്കരാർ രജിസ്‌ട്രേഷൻ എളുപ്പത്തിൽ പൂർത്തിയാക്കുന്ന സൗകര്യം മുനിസിപ്പാലിറ്റി മന്ത്രാലയം ഒരുക്കിയത്.
രജിസ്ട്രേഷൻ നടപടികൾ നിയന്ത്രിക്കാനും ഡാറ്റ എൻട്രി, സ്ഥിരീകരണം, അപ്രൂവൽ എന്നിവ കൂടുതൽ മെച്ചപ്പെടുത്താനും ഇത് സഹായകമാകും. ആഭ്യന്തര മന്ത്രാലയം, കഹ്റമ, നീതിന്യായ മന്ത്രാലയം, ബിൽഡിങ് പെർമിറ്റുകൾ, റിയൽ എസ്റ്റേറ്റ് അതോറിറ്റി എന്നിങ്ങനെ വിവിധ വിവര ഉറവിടങ്ങളുമായുള്ള ഓൺലൈൻ കണക്ഷൻ പുതിയ സംവിധാനത്തിലൂടെ എളുപ്പമാകും.
ഉപഭോക്താക്കൾക്ക് രേഖകൾ അപ്ലോഡ് ചെയ്യുന്നതിനും പിഴയും ഫീസും രജിസ്ട്രേഷൻ സമ്മറിയും നൽകുന്നതിനുമുള്ള പ്രയാസങ്ങൾ ഒഴിവാക്കാനും സഹായകമാകും. നിയമലംഘന റിപ്പോർട്ട് പൊലീസ് സ്റ്റേഷനുകൾക്കുള്ള കവർ ലെറ്റർ തുടങ്ങിയവ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ലഭിക്കുന്നതിന് പുറമെ നിയമലംഘനം ഇഷ്യൂ ചെയ്യാനും പുതിയ പതിപ്പിന് സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.