റാസ് അബ്രൂഖിലേക്കുള്ള പ്രവേശനം ഫെബ്രുവരി 15 വരെ നീട്ടി
ദോഹയിൽ നിന്നും 100 കിലോമീറ്ററോളം അകലെയുള്ള പുതിയ വിനോദസഞ്ചാര കേന്ദ്രമാണ് റാസ് അബ്രുക്ക്
ദോഹ: ഖത്തറിലെ വിനോദ സഞ്ചാര കേന്ദ്രമായ റാസ് അബ്രൂഖിലേക്കുള്ള പ്രവേശനം ഫെബ്രുവരി 15 വരെ നീട്ടി. ദോഹയിൽ നിന്നും 100 കിലോമീറ്ററോളം അകലെയുള്ള ഖത്തറിലെ പുതിയ വിനോദസഞ്ചാര കേന്ദ്രമാണ് റാസ് അബ്രുക്ക്. ഡിസംബറിലാണ് ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയത്. ഈ മാസം 18 വരെയായിരുന്നു ആദ്യഘട്ടത്തിൽ പ്രവേശനം നിശ്ചയിച്ചിരിന്നത്. എന്നാൽ സ്വദേശികളിൽ നിന്നും വിനോദ സഞ്ചാരികളിൽ നിന്നും വലിയ പ്രതികരണമാണ് ആദ്യ ഘട്ടത്തിൽ തന്നെ ലഭിച്ചത്. ഇതിനോടകം 38000ത്തിലേറെ പേർ ഇവിടെ സന്ദർശിക്കാനെത്തി. പൊതുജനങ്ങളുടെ അഭ്യർഥനമാനിച്ചാണ് പ്രവേശനം ഫെബ്രുവരി 15 വരെ നീട്ടിയത്. പ്രകൃതി ഭംഗിക്കൊപ്പം ഖത്തറിന്റെ പൈതൃക കാഴ്ചകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹോട്ട് എയർ ബലൂൺ, സംഗീത പരിപാടികൾ, ഒട്ടക സവാരി, ആർച്ചെറി ഗെയിംസ് തുടങ്ങിയ വിനോദങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.