ലോകകപ്പ് കാണാനെത്തുന്ന മലയാളികൾക്ക് സന്തോഷ വാർത്ത; ഖത്തറിൽ താമസിക്കുന്നവർക്ക് ബന്ധുക്കളും സുഹൃത്തുക്കളുമായി 10 പേരെ കൂടെത്താമസിപ്പിക്കാം
ടിക്കറ്റ് ഉടമകൾക്ക് മാത്രമല്ല, ആതിഥേയർക്ക് നേരിട്ടും എത്ര പേരാണ് കൂടെ താമസിക്കാൻ എത്തുന്നതെന്ന് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം
ഖത്തർ ലോകകപ്പിന് ടിക്കറ്റ് ലഭിച്ചവർ ഭീമമായ താമസച്ചെലവിനെ കുറിച്ചോർത്ത് ഇനി ആകുലപ്പെടേണ്ട. നിങ്ങൾക്ക് സുഹൃത്തുക്കളുടേയോ ബന്ധുക്കളുടെയോ കൂടെത്താമസിച്ച് ലോകകപ്പ് മത്സരങ്ങൾ കാണാം. ഖത്തറിൽ താമസ രേഖയുള്ള ഒരാൾക്ക് പത്ത് പേരെ വരെ കൂടെത്താമസിപ്പിക്കാൻ കഴിയും. ഇങ്ങനെ മത്സരം കാണാൻ ആഗ്രഹിക്കുന്നവർ ഫാൻ ഐഡിയായ ഹയാ കാർഡിന് അപേക്ഷിക്കുമ്പോൾ ബന്ധു താമസിക്കുന്ന വിലാസം കൃത്യമായി രജിസ്റ്റർ ചെയ്യണം.
ടിക്കറ്റ് ഉടമകൾക്ക് മാത്രമല്ല, ആതിഥേയർക്ക് നേരിട്ടും എത്ര പേരാണ് കൂടെ താമസിക്കാൻ എത്തുന്നതെന്ന് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. വൈവിധ്യമാർന്ന താമസ സൗകര്യങ്ങളാണ് ലോകകപ്പിനെത്തുന്ന ആരാധകർക്ക് ഖത്തർ ഒരുക്കിയിരിക്കുന്നത്. വില്ലകൾ, അപ്പാർട്മന്റുകൾ, ഹോട്ടലുകൾ, ഫാൻ വില്ലേജുകൾ, എന്നിവയ്ക്ക് പുറമെ ആഡംബര കപ്പലുകളിലും താമസ സൗകര്യമുണ്ട്. താമസ സൗകര്യങ്ങൾ സുപ്രീംകമ്മിറ്റിയുടെ അക്കമഡേഷൻ പോർട്ടലിൽ ലഭ്യമാണ്.