ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ഡി,ഇ കോൺകോഴ്‌സുകൾ തുറന്നു
പ്രതിവര്‍ഷം 6.5 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വിമാനത്താവളത്തിന് കഴിയും


ദോഹ: ഖത്തറിലെ ഹമദ് വിമാനത്താവളത്തിന്റെ ശേഷി വർധിപ്പിച്ച് രണ്ട് കോൺകോഴ്‌സുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ പൂർത്തിയാക്കി യാത്രക്കാർക്ക് വിമാനങ്ങളിലേക്ക് കയറുന്നതിനുള്ള ഇടനാഴിയാണ് കോൺകോഴ്‌സ്. ഡി.ഇ കോണ്‍കോഴ്സുകള്‍ വന്നതോടെ പ്രതിവര്‍ഷം 6.5 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വിമാനത്താവളത്തിന് കഴിയും.2018 ൽ തുടങ്ങിയ ഹമദ് വിമാനത്താവള വികസത്തിന്റെ ഭാഗമായാണ് പുതിയ കോൺകോഴ്‌സുകളുടെ നിർമാണവും തുടങ്ങിയത് യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിൽ നിർണായക ചുവടുവെപ്പാണ് ഹമദ് വിമാനത്താവളം നടത്തിയതെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് സിഇഒ എഞ്ചിനീയർ ബദർ മുഹമ്മദ് അൽമീർ പറഞ്ഞു.
പുതിയ കോൺകോഴ്‌സുകൾ കൂടി ചേരുന്നതോടെ വിമാനത്താവള ടെർമിനലിന്റെ വിസ്തീർണം 84500 സ്‌ക്വയർ മീറ്റർ ആയി ഉയർന്നു. 17 എയർക്രാഫ്റ്റ് കോൺടാക്റ്റ് ഗേറ്റുകളാണ് പുതുതായി വന്നത്. ഇതോടെ ഗേറ്റുകളുടെ എണ്ണം 62 ആയി. വിമാനത്താവളത്തിന് അകത്തെ ബസ് യാത്ര കുറയ്ക്കാനും കൂടുതൽ സർവീസുകൾ നടത്താനും ഇതുവഴി സാധിക്കും. കഴിഞ്ഞ വർഷം ലോകത്തെ ഏറ്റവുംമികച്ച വിമാനത്താവളത്തിനുള്ള സ്‌കൈ ട്രാക്‌സ് പുരസ്‌കാരം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചിരുന്നു.