ലഹരി: ശക്തമായ നിയമനടപടികളും ജാഗ്രതയും അനിവാര്യം: പ്രവാസി വെൽഫെയർ

'ലഹരി വ്യാപനത്തെ പ്രതിരോധിക്കാൻ ജാഗ്രത സമിതികൾ രൂപീകരിക്കണം'

Update: 2025-03-20 12:13 GMT
Strong legal action and vigilance are essential against drugs: Pravasi Welfare
AddThis Website Tools
Advertising

ദോഹ: നാട്ടിൽ നടക്കുന്ന വ്യാപക ലഹരി ഉപയോഗവും തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും ഭയം ഉളവാക്കുന്നതാണെന്നും ലഹരി വ്യാപനത്തെ പ്രതിരോധിക്കാൻ ശക്തമായ നിയമനടപടികളും ജാഗ്രതയും അനിവാര്യമാണെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പിടികൂടുന്നവർക്ക് സ്റ്റേഷൻ ജാമ്യം അനുവദിക്കുന്നതും പ്രതികളെ സംരക്ഷിക്കുന്ന വിധം ബാഹ്യ ഇടപെടലുകൾ ഉണ്ടാകുന്നതും ലഹരി നിയമ നടപടികളെ ദുർബലമാകുന്നു. ലഹരി വസ്തുക്കൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കേണ്ട എക്‌സൈസ് വകുപ്പിൽ വേണ്ടത്ര ജീവനക്കാരില്ലാത്തതും ആയുധങ്ങൾ ഇല്ലാത്തതും പ്രായോഗികമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ കാര്യങ്ങളിൽ ഇടപെടാൻ സർക്കാർ തയ്യാറായിട്ടില്ല. കേവലമായ പ്രഖ്യാപനങ്ങളും പരിപാടികളും മാത്രമല്ല, സർക്കാരിൻറെ ഭാഗത്തു നിന്ന് ഇത്തരം പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ ചടുല നീക്കങ്ങൾ ആണുണ്ടാകേണ്ടത്.

നിയമ നടപടികൾക്കൊപ്പം പൊതു സമൂഹത്തിൽ നിന്ന് അതിശക്തമായ ജാഗ്രതയും ഉണ്ടാകണം. ലഹരി ഉപഭോക്താക്കളെയും ഇടപാടുകാരെയും ഒറ്റപ്പെടുത്താനും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പൊതു സമൂഹം ജാഗ്രത കാണിക്കണം. സ്‌കൂൾ - കോളേജ് കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി വ്യാപനത്തിനെതിരെ സ്ഥാപന അധികാരികളും രക്ഷിതാക്കളും വിദ്യാർഥി സംഘടനാ നേതാക്കളും നാട്ടുകാരും ചേർന്നുള്ള ജാഗ്രത സമിതികൾ രൂപീകരിക്കണം. ലഹരി ഉപയോഗത്തിനും വ്യാപാരത്തിനും പിടിക്കപ്പെടുന്ന വിദ്യാർഥികൾ വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായവരാണ് എന്നത് ഏറെ ദുഖകരമായ കാര്യമാണ്. ഇത്തരക്കാർക്കെതിരെ നടപടി എടുക്കാനും നിയമത്തിന് കൈമാറാനും വിദ്യാർഥി സംഘടനകൾ ശ്രമിക്കണം.

ലഹരി ഉപയോഗത്തിന്റെ ദുഷ്ഫലങ്ങൾ ഏറ്റവും കൂടുതൽ ആശങ്കയിൽ ആഴ്ത്തിയിരിക്കുന്നത് പ്രവാസികളെയാണ്. കൗമാര പ്രായത്തിലുള്ള പ്രവാസി മാതാപിതാക്കളുടെ മക്കൾ പലപ്പോഴും ഹോസ്റ്റലുകളിലും ബന്ധു വീടുകളിലും വളരേണ്ട സാഹചര്യമുണ്ട്. അവരെ ലഹരി അടിമകളാക്കാൻ എളുപ്പമാണ് എന്ന ചിന്ത വ്യാപകമാണ്. ഇത് പ്രവാസികളിൽ കനത്ത ആശങ്കയും പലതരം മാനസിക കുടുംബ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. വിദേശ രാജ്യത്തേക്ക് വരുന്നവരെ മനപ്പൂർവം കുടുക്കുന്ന ലഹരിക്കടത്ത് തടയണം. ഇതിനായി നാട്ടിലെ എയർപോർട്ടുകളിൽ പരിശോധന കർശനമാക്കുകയും നാട്ടിൽ നിന്ന് തന്നെ നിയമ നടപടി എടുക്കാനുള്ള സംവിധാനവും ഉണ്ടാകണം. പ്രവാസി വെൽഫെയർ ഈ വിഷയത്തിൽ സക്രിയമായി ഇടപെടാനും ശക്തമായ കാമ്പയിൻ ആവിഷ്‌കരിക്കാനും തീരുമാനിച്ചു.

ഈദ് ദിനത്തിൽ പ്രവാസി മലയാളികൾക്കിടയിൽ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുകയും ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന കുട്ടികളിൽ ശക്തമായ ബോധവത്കരണം നടത്തുകയും ചെയ്യും. പ്രസിഡന്റ് ആർ ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ അനീസ് റഹ്‌മാൻ, റഷീദലി, സാദിഖലി സി, മജീദലി, നജ്ല നജീബ്, ജനറൽ സെക്രട്ടറിമാരായ ഷാഫി മൂഴിക്കൽ, അഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News