ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇനി അതിവേഗയാത്ര സാധ്യമാകും
ദോഹ: ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇനി അതിവേഗയാത്ര സാധ്യമാകും. ഇൻഡസ്ട്രിയൽ ഏരിയയിൽ അഞ്ചു കിലോമീറ്റർ നീളത്തിലുള്ള റോഡ് നിർമാണം പൂർത്തിയാക്കിയതായി അറിയിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. മേഖലയിൽ റോഡ്‌യാത്ര വേഗത്തിലാക്കുന്നതിനൊപ്പം, ചെറുപാതകളിലെ സഞ്ചാരം ഒഴിവാക്കി യാത്ര എളുപ്പമാക്കാനും വഴിയൊരുക്കിയാണ് സ്ട്രീറ്റ് 33 റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്.
മൂന്നുവരിയിൽനിന്ന് നാലുവരിയായി എക്‌സ്പ്രസ് വേ പാതയാക്കി മാറ്റിയതോടെ ഒരു മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് അതിവേഗത്തിൽ കടന്നുപോകാൻ കഴിയും. ഇതിനു പുറമെ, രണ്ട് പുതിയ ഇന്റർചേഞ്ചുകളിലൂടെ സ്ട്രീറ്റ് 33 റോഡിനെ അൽ കസറാത് സ്ട്രീറ്റും വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നു. നിർമാണത്തിന്ന് 80 ശതമാനവും പ്രാദേശികമായ അസംസ്‌കൃത വസ്തുക്കളാണ് ഉപയോഗിച്ചത് എന്ന പ്രത്യേകതയുമുണ്ട്.