ഖത്തറില്‍ ഐ.ഡി കാര്‍ഡ് ഡിജിറ്റലാക്കുന്നു
മിലിപോള്‍ പ്രദര്‍ശനത്തിലാണ് ഡിജിറ്റല്‍ ഐഡി കാര്‍ഡ് പുറത്തിറക്കിയത്
ദോഹ: ഖത്തറില്‍ ഐ.ഡി കാര്‍ഡ് ഡിജിറ്റലാക്കുന്നു. പ്ലാസ്റ്റിക് ഐ.ഡിക്ക് പകരം കൂടുതല്‍ ലളിതവും സുരക്ഷിതവുമായ ഡിജിറ്റല്‍ ഐ.ഡി കാര്‍ഡ് ആപ്ലിക്കേഷന്‍ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. മിലിപോള്‍ പ്രദര്‍ശനത്തിലാണ് ഡിജിറ്റല്‍ ഐഡി കാര്‍ഡ് പുറത്തിറക്കിയത്.
മെട്രാഷ് ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചായിരിക്കും പുതിയ ഡിജിറ്റല്‍ ഐഡി ജനങ്ങളിലേക്ക് എത്തുക. പൊതുജനങ്ങൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഖത്തർ ഐ.ഡിയെ തീർത്തും ഡിജിറ്റലാക്കി മാറ്റുന്ന വിധത്തിലാണ് പുതിയ ആപ്ലിക്കേഷൻ നടപ്പിലാവുന്നത്. സൈബർ ഇടങ്ങളിൽ ഐ.ഡി ഉപയോഗിക്കുമ്പോൾ ഏറെ സുരക്ഷിത്വവും ഉറപ്പുനല്‍കുന്നു. ഖത്തർ ദേശീയ വിഷൻ 2030യുടെ ഭാഗം കൂടിയാണ് ഈ ഡിജിറ്റലൈസേഷന്‍. ഉപയോക്താവിന്‍റെ മുഖമായിരിക്കും ഡിജിറ്റൽ ഐ.ഡിയുടെ തിരിച്ചറിയിലിന് പ്രധാനമായും ആശ്രയിക്കുന്നത്. സേവനം ഉപയോഗിക്കാന്‍ അർഹനായ വ്യക്തികളുടെ ഐഡന്‍റിറ്റി ഇതുവഴി ഉറപ്പിക്കാം. ഇലക്ട്രോണിക് ഇടപാടുകളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിലൂടെ സുരക്ഷിത സൈബര്‍ ഇടങ്ങള്‍ എന്ന ആശയത്തിനും ആപ്ലിക്കേഷന്‍ വഴിയൊരുക്കും.
വ്യക്തികളുടെ ഇലക്ട്രോണിക് സിഗ്‌നേച്ചറുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഉപയോക്താവിന്‍റെ ഐഡന്‍റിറ്റി തയ്യാറാക്കുന്നത്. ദേശീയ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും ഐഡന്‍റിറ്റിയിലുണ്ടാകും. സര്‍ട്ടിഫിക്കറ്റുകളിലും രേഖകളിലും ഓണ്‍ലൈനില്‍ സീല്‍ പതിപ്പിക്കുന്നതിനുള്ള ഇലക്ട്രോണിക് സീലുകളും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഖത്തർ ഐ.ഡി കാർഡിനൊപ്പം, ഡ്രൈവിങ് ലൈസന്‍സ്,വാഹന ലൈസന്‍സ് എന്നിവയുടെയെല്ലാം ഡിജിറ്റല്‍ കോപ്പിയും പുതുതായി അവതരിപ്പിക്കുന്ന ആപ്ലിക്കേഷന്‍റെ വാലറ്റിൽ ലഭ്യമാവും.