ദോഹ എക്സ്പോ; വളണ്ടിയര്‍ സേവനം നടത്താന്‍ രണ്ടാഴ്ചയ്ക്കകം രജിസ്ട്രേഷന്‍
നാലായിരത്തോളം വളണ്ടിയര്‍മാരുടെ സേവനമാണ് ആറ് മാസം നീളുന്ന എക്സ്പോയ്ക്ക് ആവശ്യമുള്ളത്.
ദോഹ: ലോകകപ്പിന് പിന്നാലെ ഖത്തര്‍ ആതിഥേയരാകുന്ന ദോഹ എക്സ്പോയ്ക്കുള്ള ഒരുക്കങ്ങള്‍ സജീവമായി. എക്സ്പോയില്‍ വളണ്ടിയര്‍ സേവനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ടാഴ്ചയ്ക്കകം രജിസ്ട്രേഷന്‍ തുടങ്ങും. നാലായിരത്തോളം വളണ്ടിയര്‍മാരുടെ സേവനമാണ് ആറ് മാസം നീളുന്ന എക്സ്പോയ്ക്ക് ആവശ്യമുള്ളത്.
ഖത്തറിലെ വളണ്ടിയറിങ് താല്‍പര്യമുള്ളവര്‍ക്ക് മുന്നിലേക്ക് പുതിയ അവസരം തുറന്നിടുകയാണ് ദോഹ ഹോര്‍ട്ടികള്‍ചറല്‍ എക്സ്പോ. ഒക്ടോബർ രണ്ടിന് തുടങ്ങി 2024 മാർച്ച് 28 വരെ ആറു മാസത്തോളം നീണ്ടു നിൽക്കുന്ന എക്സ്പോക്ക് വളന്റിയറാവാൻ താൽപര്യപ്പെടുന്നവർക്ക് രജിസ്ട്രേഷനായി ഒരുങ്ങാൻ സമയമായി. അടുത്ത രാണ്ടാഴ്ചക്കുള്ളിൽ വളന്റിയർ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് ദോഹ എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൗറി അറിയിച്ചു.
ആറു മാസത്തോളം നീണ്ടു നിൽക്കുന്ന മേളയുടെ സുഗമമായ സംഘാടനത്തിന് 3000 മുതൽ 4000 വരെ വളന്റിയർമാരുടെ സേവനമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ദോഹ എക്സ്പോ ഔദ്യോഗിക വെബ്സൈറ്റിലും, സാമൂഹിക മാധ്യമ അക്കൗണ്ടുകളും വഴി വളന്റിയർ രജിസ്ട്രേഷൻ അറിയിക്കും.
കൃഷിയും, ഹരിതവൽകരണവും പരിസ്ഥിതി സംരക്ഷണവുമെല്ലാം അടിസ്ഥാനമാവുന്ന അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയ്ക്ക് ആദ്യമായാണ് ഒരു ഗൾഫ് രാജ്യം വേദിയൊരുക്കുന്നത്. അൽ ബിദ പാർക്ക് വേദിയാകുന്ന ദോഹ എക്സ്പോക്ക് 17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വേദിയാണ് ഒരുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 80 രാജ്യങ്ങൾ പങ്കെടുക്കുന്ന മേളയിൽ 30 ലക്ഷത്തോളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.