മിഴി തുറന്ന് ഇസ്ലാമിക് മ്യൂസിയം; സാംസ്കാരിക വിനിമയത്തിന്റെ കേന്ദ്രമാകും
ഖത്തർ ഐ.ഡിയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്
ദോഹ: ഇസ്ലാം മതത്തിന്റെ ചരിത്രവും പാരമ്പര്യവും വിശദീകരിക്കുന്ന ഇസ്ലാമിക് ആര്‍ട്സ് മ്യൂസിയം വീണ്ടും തുറന്നു പ്രവര്‍ത്തനം തുടങ്ങി. ലോകകപ്പിനോട് അനുബന്ധിച്ച് നവീകരണത്തിനായി മ്യൂസിയം അടച്ചിട്ടിരിക്കുകയായിരുന്നു. ലോകകപ്പിനെത്തുന്ന പാശ്ചാത്യ ലോകത്തിനു ഇസ്ലാമിക ചരിത്രം പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ട് മിയ പാര്‍ക്കിന്.
ഇസ്ലാമിക കല, സംസ്കാരം, ചരിത്രം എന്നിങ്ങനെ വിവിധ വശങ്ങൾ വിശദമാക്കുന്ന 18 ഗാലറികളുമായാണ് മ്യുസിയം തുറന്നത്. ശേഖരത്തിലും അവതരണത്തിലും പുതുമയോടെയാണ് മ്യൂസിയം സന്ദര്‍ശകര്‍ക്ക് മുന്നില്‍ വാതിലുകള്‍ തുറന്നത്, ഇസ്ലാമിക ലോകത്തിൻെറ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര ശേഖരങ്ങൾ ഇവിടെ സഞ്ചാരികള്‍ക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു. മുസ്ലിം രാജ്യങ്ങൾ, അറബ് നാടുകൾ, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള വസ്തുക്കൾ വിവിധ ഗാലറികളിലുണ്ട്.
ചരിത്രം ഗ്രാഫിക്സോടെ വിശദമാക്കുന്ന ടച്ച് സ്ക്രീനുകളാണ് എല്ലാ ഗാലറികളുടെയും പ്രധാന സവിശേഷത. ലോകകപ്പിനെത്തുന്ന വിവിധ രാജ്യങ്ങളിലെ ആരാധകര്‍ക്ക് ഈ ചരിത്രവസ്തുതകള്‍ ഇസ്ലാമിക ലോകത്തിലേക്കുള്ള വാതിലാകും.ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ രാത്രി ഏഴു വരെയാണ് മ്യൂസിയത്തിന്റെ പ്രവര്‍ത്തനം. - വെള്ളിയാഴ്ച 1.30 മുതൽ രാത്രി ഏഴു വരെ പ്രവര്‍ത്തിക്കും. ഖത്തർ ഐ.ഡിയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.