പുതുമകളുമായി അഞ്ചാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ 12ന് തുടങ്ങും
ബലൂൺ ഫെസ്റ്റിവലിൻ്റെ ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്
ദോഹ: പുതുമകളുമായി അഞ്ചാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ കതാറ കൾച്ചറൽ വില്ലേജിൽ നടക്കും. ഡിസംബർ 12ന് തുടങ്ങുന്ന മേളയിൽ അമ്പതിലേറെ കൂറ്റൻ ബലൂണുകളാണ് വിസ്മയം തീർക്കാനെത്തുന്നത്. ബലൂൺ മേളയുടെ മുൻ പതിപ്പുകളെപ്പോലെ ഈ വർഷവും സന്ദർശകർക്കായി വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് ഒരുക്കുന്നത്.
വ്യത്യസ്ത ആകൃതിയിലും നിറങ്ങളിലുമുള്ള 50ലധികം ഹോട്ട് എയർ ബലൂണുകളുടെ പ്രദർശനം, പ്രത്യേക ഫാമിലി ഏരിയ, കുട്ടികൾക്കുള്ള ഗെയിമുകൾ, രുചിവൈവിധ്യങ്ങളുടെ ഫുഡ്‌കോർട്ട് എന്നിവ ഫെസ്റ്റിവലിന്റെ സവിശേഷതയാണ്. ഹോട്ട് എയർ ബലൂണുകളുടെ നിർമാണം പരിചയപ്പെടാനും ഇത്തവണ അവസരമൊരുങ്ങുന്നുണ്ട്.
പൊതുജനങ്ങൾക്ക് ഹോട്ട് എയർ ബലൂണിൽ സഞ്ചരിച്ച് ഖത്തറിന്റെ ഭംഗി ആസ്വദിക്കാനും അവസരമുണ്ട്. രാവിലെയാണ് ബലൂണിൽ പറന്ന് ഖത്തർ കാണാനുള്ള അവസരം. കൂടുതൽ പേർക്ക് ആകാശയാത്രയുടെ അനുഭവമെത്തിക്കാൻ സബ്‌സിഡി നിരക്കിൽ 499 ഖത്തർ റിയാലിന് 1000 ടിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. വൈകിട്ട് മൂന്ന് മുതൽ രാത്രി പത്ത് വരെ കതാറയിൽ കാർണിവൽ ഗെയിംസ്, ലേസർ ഷോ, തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടക്കും. ഡിസംബർ 21 നാണ് ബലൂൺ മേള സമാപിക്കുന്നത്.