ഈജിപ്തിൽ എണ്ണ പര്യവേക്ഷണത്തിന് ഖത്തർ; 23 % ഓഹരി ഖത്തർ എനർജി സ്വന്തമാക്കി

ഈജിപ്തിൽ ഖത്തർ എനർജി പങ്കാളിയാകുന്ന ഏഴാമത്തെ പര്യവേക്ഷണ പദ്ധതിയാണിത്

Update: 2024-11-11 17:24 GMT
Editor : Thameem CP | By : Web Desk
Advertising

ദോഹ: ഈജിപ്തിൽ എണ്ണ, പ്രകൃതി വാതക പര്യവേക്ഷണത്തിന് കരാറിൽ ഒപ്പുവെച്ച് ഖത്തർ.മെഡിറ്ററേനിയൻ കടലിൽ നടക്കുന്ന പര്യവേക്ഷണത്തിൽ 23 ശതമാനം ഓഹരിയാണ് ഖത്തർ എനർജി സ്വന്തമാക്കിയത്. ഈജിപ്തിൽ ഖത്തർ എനർജി പങ്കാളിയാകുന്ന ഏഴാമത്തെ പര്യവേക്ഷണ പദ്ധതിയാണിത്. പ്രകൃതിവാതക ഉൽപ്പാദനത്തിൽ ആഗോള തലത്തിൽ തന്നെവലിയ മുന്നേറ്റം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഈജിപ്ത്, ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം നിരവധി കേന്ദ്രങ്ങളിൽ പര്യവേക്ഷണം നടക്കുകയാണ്. നൈൽ ഡെൽറ്റയിലും മെഡിറ്ററേനിയൻ കടലിലുമായാണ് ഈജിപ്തിലെ പ്രകൃതിവാതക നിക്ഷേപത്തിൽ പ്രധാനപങ്കും കണ്ടെത്തിയിട്ടുള്ളത്. ഇതിൽ മെഡിറ്ററേനിയൻ കടലിലെ നോർത്ത് എൽ ദബാഅ ബ്ലോക്കിലെ ഓഫ്‌ഷോർ പ്രൊജക്ടിലാണ് ഖത്തർ എനർജി പങ്കാളിയാകുന്നത്. പദ്ധതിയിലെ 40 ശതമാനം പങ്കാളിത്തം ഷെവ്‌റൺ കമ്പനിക്കാണ്. വുഡ്‌സൈസ്27 ശതമാനവും ഈജിപ്ത്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തർവാ പെട്രോളിയം പത്ത് ശതമാനം ഓഹരിയും പങ്കിടുന്നു.

ഈജിപ്തിലെ പെട്രോളിയം, പ്രകൃതി വാതക മേഖലയിൽ പങ്കാളിത്തത്തിനുള്ള ഖത്തറിന്റെ താൽപര്യമാണ് പുതിയ കരാർ പ്രതിഫലിപ്പിക്കുന്നതെന്ന് ഖത്തർ ഊർജസഹമന്ത്രി സാദ് ഷെരീദ അൽകഅബി പറഞ്ഞു. ഈവർഷം മെയ് മാസത്തിൽ ഈജിപ്തിലെ കെയ്‌റോ, മസ്‌റി എന്നിവിടങ്ങളിലെ പര്യവേക്ഷണ പദ്ധതികളിൽ ഖത്തർ എനർജി പങ്കാളിത്തം നേടിയിരുന്നു. ചെങ്കടലിൽ രണ്ട് പര്യവേക്ഷണങ്ങളിൽ നേരത്തെ തന്നെ ഖത്തർ പങ്കാളികളാണ്. പുതിയ കരാറോടെ ഈജിപ്തിലെ പെട്രോളിയം, പ്രകൃതി വാതക പര്യവേക്ഷണ പദ്ധതികളിൽ ഖത്തർ എനർജിയുടെ പ്രാതിനിധ്യം ഏഴിടത്തായി ഉയർന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News