ഖത്തറുമായി 330 കോടി ഡോളറിന്റെ കരാർ സ്വന്താമാക്കാൻ കൊറിയൻ കപ്പൽ നിർമാണ കമ്പനികൾ
10 കപ്പലുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ പുരോഗമിക്കുന്നത്
ദോഹ: ഖത്തർ എനർജിയുമായി വൻ കരാറിന് ശ്രമവുമായി ദക്ഷിണ കൊറിയൻ കപ്പൽ നിർമാണ കമ്പനികൾ. 330 കോടി ഡോളറിന്റെ കരാറിനായാണ് കൊറിയൻ കമ്പനികൾ ശ്രമിക്കുന്നത്. 10 കപ്പലുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
ദക്ഷിണ കൊറിയൻ വ്യാപാര കേന്ദ്രങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം എച്ച് ഡി കൊറിയ ഷിപ്പ് ബിൽഡിങ്, സാംസങ് ഹെവി ഇൻഡസ്ട്രീസ്, ഹാൻവ ഓഷ്യൻ കമ്പനി എന്നിവയാണ് ഖത്തർ എനർജിയുമായി ചർച്ച നടത്തുന്നത്. ദ്രവീകൃത പ്രകൃതി വാതക നീക്കത്തിനാവശ്യമായ കൂറ്റൻ കപ്പൽ ഖത്തറിന് നിർമിച്ച് നൽകുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ. 2.7 ലക്ഷം ക്യുബിക് മീറ്റർ ശേഷിയുള്ള 10 കപ്പലുകൾക്കായി 330 കോടി ഡോളറിന്റെ നിർമാണക്കരാറാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള 18 കപ്പലുകൾ നിർമിക്കാൻ ചൈന സ്റ്റേറ്റ് ഷിപ്പ്ബിൽഡിങ് കോർപറേഷനുമായി ഈ വർഷം ആദ്യം ഖത്തർ എനർജി കരാറിലെത്തിയിരുന്നു.
2028ഓടെ ഈ കപ്പലുകൾ ലഭ്യമായിത്തുടങ്ങും. 600 കോടി ഡോളറായിരുന്നു കരാർ തുക. കഴിഞ്ഞ സെപ്തംബറിൽ കൊറിയൻ കമ്പനികളുമായി 17 പ്രകൃതി വാതക കപ്പലുകൾ നിർമിക്കാൻ ഖത്തർ എനർജി കരാറിൽ എത്തിയിരുന്നു. സാധാരണ വലിപ്പമുള്ള ഈ കപ്പലുകൾക്ക് 390 കോടി ഡോളറായിരുന്നു നിർമാണച്ചെലവ്. എൽ.എൻ.ജി ഉൽപാദനത്തിൽ 2030ഓടെ വൻ കുതിച്ചു ചാട്ടമാണ് ഖത്തർ ലക്ഷ്യമിടുന്നത്. ഉൽപാദനം ഏതാണ്ട് ഇരട്ടിയായി വർധിച്ച് 142 ദശലക്ഷം ടണിലെത്തും. എൽ.എൻ.ജി നീക്കത്തിനുള്ള സൗകര്യങ്ങൾ വിപുലമാക്കുന്ന സാഹചര്യത്തിലാണ് കൊറിയൻ കമ്പനികൾ ഖത്തർ എനർജിയെ സമീപിക്കുന്നത്.