ലോകകപ്പ് സമയത്ത് ഖത്തറില്‍ 12,000 പേരെ നിയമിക്കാനൊരുങ്ങി പ്രമുഖ ഹോട്ടല്‍ ശൃംഖല
ലോകകപ്പ് സമയത്ത് ഖത്തറിലേക്ക് 12,000 പേരെ നിയമിക്കുമെന്ന് പ്രമുഖ ഹോട്ടല്‍ ശൃംഖലയായ അക്കോര്‍. താമസ കേന്ദ്രങ്ങളിലെ വിവിധ ജോലികള്‍ക്കായാണ് റിക്രൂട്ട്‌മെന്റ് നടത്തുക.
ഹോട്ടലുകള്‍ക്ക് പുറമെ അപ്പാര്‍ട്‌മെന്റുകളിലും വില്ലകളിലുമായി 65,000 മുറികളാണ് ലോകകപ്പിനെത്തുന്ന ആരാധകര്‍ക്കായി ഖത്തര്‍ സജ്ജമാക്കിയിരിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ ഹൗസ് കീപ്പേഴ്‌സ്, ഫ്രണ്ട് ഓഫീസ്, ലോജിസ്റ്റിക് വിദഗ്ധര്‍ തുടങ്ങിയ മേഖലകളിലേക്കാണ് താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ അക്കോറാണ് ഈ സേവനങ്ങള്‍ ഒരുക്കുന്നതിനായി സംഘാടകരുമായി കരാറിലെത്തിയിരിക്കുന്നത്. അക്കോറിന്റെ നേതൃത്വത്തില്‍ വിവിധ വന്‍കരകളില്‍ റിക്രൂട്ടിങ് നടപടികള്‍ പുരോഗമിക്കുന്നതായി കമ്പനി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ ബേസിന്‍ അറിയിച്ചു. ഒഫീഷ്യല്‍ അക്കമൊഡേഷന്‍ സൈറ്റ് വഴി ഇതിനോടകം തന്നെ 25000 ഓളം ബുക്കിങ് നടന്നിട്ടുണ്ട്. 15 ലക്ഷം കാണികളെയാണ് ലോകകപ്പിന് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.