ഖത്തർ ലോകകപ്പ് ഫുട്ബോളിനെ അനശ്വരമാക്കിയ ഇന്ത്യക്കാർക്ക് മീഡിയവണിന്റെ ആദരം
മീഡിയവണ്‍ 'സല്യൂട്ട് ദ ഹീറോസ്' പുരസ്കാരങ്ങള്‍ കൈമാറി
ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനെ അനശ്വരമാക്കിയ ഇന്ത്യക്കാര്‍ക്ക് മീഡിയവണിന്റെ ആദരം. ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ഇവന്റ് ഡയറക്ടര്‍ ഖാലിദ് സുല്‍ത്താന്‍ അല്‍ ഹമര്‍, ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ കമ്യൂണിറ്റി പൊലീസിങ് ഡിപാര്‍ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇബ്രാഹീം മുഹമ്മദ് റാഷിദ് അല്‍ സിമൈഹ്, കമ്യൂണിറ്റി പൊലീസ് പബ്ലിക് റിലേഷന്‍സ് സെക്രട്ടറി മേജര്‍ തലാല്‍ മെനസര്‍ അല്‍ മദ്ഹൂരി, ലെഫ്നനന്റ് അബ്ദുല്‍ അസീസ് അല്‍ മുഹന്നദി, മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
ലോകകപ്പിന്റെ ഏഴ് വേദികളിലേക്ക് സീറ്റുകള്‍ ഒരുക്കി ഇന്ത്യക്കാര്‍ക്ക് അഭിമാനമായി മാറിയാണ് കോസ്റ്റല്‍ ഖത്തര്‍ സി.ഇ.ഒ നിഷാദ് അസീം പുരസ്കാര വേദിയിലെത്തിയത്. വിഐപികള്‍ക്കും താരങ്ങള്‍ക്കും യാത്രക്കായി ലക്ഷ്വറി ബസുകളും കാറുകളും എത്തിച്ച എം.ബി.എം ട്രാന്‍സ്പോര്‍ട്സ്, ലോകകപ്പ് കാലത്ത് ആരാധകരെ എത്തിക്കുന്നതിനൊപ്പം റോണോകിക്കെടുത്ത് വൈറലായ ഫിദയെയും റഹ്മാനിക്കയെയും ഖത്തറിലെത്തിച്ച ഗോ മുസാഫിര്‍ ഡോട് കോം. എന്നീ സ്ഥാപനങ്ങള്‍ യാത്രാ മേഖലയില്‍ നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്കാരം സ്വന്തമാക്കിയത്. കോര്‍ണിഷില്‍ നടത്തിയ വാക്കത്തോണും ചെയര്‍മാര്‍ ഇ.പി അബ്ദുറഹ്മാന്‍ കായിക രംഗത്ത് നടത്തുന്ന ഇടപെടലുകളും കെയര്‍ ആന്റ് ക്യുവറിന് പുരസ്കാര വേദിയിലേക്കുള്ള വഴിതെളിച്ചു.
160 ലേറെ വിദ്യാര്‍ഥികളും 20 ഓളം അധ്യാപക- അനധ്യാപക ജീവനക്കാരും ലോകകപ്പിന്റെ ഭാഗമായതാണ് എംഇഎസ് സ്കൂളിന് തുണയായത്. ഇതോടൊപ്പം സ്കൂളില്‍ നടത്തിയ ലോകകപ്പ് റാലികള്‍ ഉള്‍പ്പെടെയുള്ള പരിപാടികളും ശ്രദ്ധേയമായിരുന്നു. ഖത്തറിന് ലോകത്തിന്റെ പ്രശംസ ലഭിച്ച മാലിന്യ സംസ്കരണ രംഗത്തെ പ്രവര്‍ത്തനങ്ങളാണ് അല്‍ സുവൈദ് ഗ്രൂപ്പിനെ സല്യൂട്ട് ദ ഹീറോസ് പുരസ്കാരത്തിന് അര്‍ഹരാക്കിയത്.
ലോകകപ്പ് ഫൈനലിന് ശേഷം ലുസൈല്‍ ബൊലേവാര്‍ഡില്‍ നടന്ന ആഘോഷത്തിലടക്കം ഔദ്യോഗികമായി പങ്കെടുത്താണ് ഖത്തര്‍ മഞ്ഞപ്പട പുരസ്കാരം ഏറ്റുവാങ്ങിയത്. കൗണ്ട്ഡൗൺ ക്ലോക്ക് അനാച്ഛാദനം, അല്‍ബൈത്ത് സ്റ്റേഡിയം ഉദ്ഘാടനം എന്നിവയിലെല്ലാം ഇന്ത്യക്കാരെ പ്രതിനിധീകരിച്ച് ഖത്തര്‍ മഞ്ഞപ്പടയുണ്ടായിരുന്നു. മലയാളി വളണ്ടിയര്‍മാരെ പ്രതിനിധീകരിച്ചാണ് ഖത്തര്‍ മല്ലു വളണ്ടിയേഴ്സ് കൂട്ടായ്മയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ആയിരത്തി എഴുനൂറിലേറെ അംഗങ്ങളുള്ള കൂട്ടായ്മയില്‍ നിന്നും ആയിരത്തിലേറെ പേര്‍ ലോകകപ്പിന്റെ ഭാഗമായി. ലോകകപ്പ് സമയത്ത് ആരോഗ്യമേഖലയില്‍ നിരവധി ഇന്ത്യക്കാരാണ് സേവനം ചെയ്തത്. യുനീഖ്-ഫിന്‍ ക്യു സംഘടനകള്‍ സംയുക്തമായി നഴ്സുമാരെ പ്രതിനിധീകരിച്ച് പുരസ്കാരം ഏറ്റുവാങ്ങി.
ലോകകപ്പിന് ഖത്തറില്‍ ആവേശം തീര്‍ത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ജന്റീന ഫാന്‍സ് ഖത്തറും നാട്ടിലും ഖത്തറിലുമായി നടത്തിയ ലോകകപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡോം ഖത്തറും പുരസ്കാരം ഏറ്റുവാങ്ങി. സുപ്രീംകമ്മിറ്റിയുടെ ഏഷ്യന്‍ മീഡിയയുടെ ചുമതല നിര്‍വഹിച്ച് മലയാള മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ലോകകപ്പ് റിപ്പോര്‍ട്ടിങ്ങിന് വലിയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ അഭിലാഷ് നാലപ്പാട്, സുപ്രീംകമ്മിറ്റി നേരിട്ട് നടത്തുന്ന ഇന്‍സൈഡ് ഖത്തറിന്റെ മാനേജിങ് എഡിറ്റര്‍ ഡി.രവി കുമാര്‍ എന്നിവര്‍ മാധ്യമ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്കാരം സ്വന്തമാക്കി.
ലോകകപ്പ് കമ്യൂണിറ്റി ഫാന്‍ സോണിന്റെ ചുമതല നിര്‍വഹിച്ചാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ഫൈസല്‍ ഹുദവി പുരസ്കാര വേദിയിലെത്തിയത്. വര്‍ഷങ്ങളായി വൊളണ്ടിയറിങ് മേഖലയിലുള്ള നാസിഫ് മൊയ്തു. പരിമിതികളെ മറികടന്ന് വീല്‍ചെയറില്‍ വളണ്ടിയറിങ് നടത്തിയ ഇസ്മയില്‍ യൂസുഫ്, കൈക്കുഞ്ഞുമോയി ലോകകപ്പ് വേദിയിലെത്തിയ സുല്‍ഫത്ത് ത്വാഹ എന്നിവര്‍ക്ക് വളണ്ടിയറിങ് മേഖലയിലെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് സമ്മാനിച്ചത്.
സുപ്രീംകമ്മിറ്റി ഉദ്യോഗസ്ഥനായ നിവാസ് ഹനീഫ ഡാറ്റാ മാനേജ്മെന്റ് മേഖലയില്‍ നിര്‍ണായക സംഭാവനകലാണ് ലോകകപ്പ് സമയത്ത് നല്‍കിയത്. സ്റ്റേഡിയങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വരെ അദ്ദേഹത്തിന്റെ വൈദഗ്ധ്യം ആതിഥേയ രാജ്യം ഉപയോഗപ്പെടുത്തി. സുപ്രീംകമ്മിറ്റി നടത്തിയ ഇന്‍ഫ്ലുവന്‍സര്‍ കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതാണ് ഹാദിയ ഹകിമിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഹാദിയയുടെ ഫ്രീ സ്റ്റൈല്‍ വീഡിയോകള്‍ ലോകകപ്പ് പ്രചാരണത്തിനായി സുപ്രീംകമ്മിറ്റി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് നായര്‍, റിയാദ് മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ അബ്ദുല്‍ കലാം, മീഡിയവണ്‍ കണ്‍ട്രി ഹെഡ് നിഷാന്ത് തറമേല്‍, മീഡിയവണ്‍ ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.സി അബ്ദുല്‍ ലത്തീഫ്, നാസര്‍ ആലുവ, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, സാദിഖ് ചെന്നാടന്‍, മുഹമ്മദ് സലീം, അഹ്മദ് അന്‍വര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.