ശൈത്യകാല ക്യാമ്പിംഗ്: ക്യാബിനുകളിൽ പരിശോധനയുമായി ഖത്തർ പരിസ്ഥിതി മന്ത്രാലയം
അനധികൃത കാബിനുകൾ കണ്ടെത്തി നീക്കം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു


ദോഹ: ശൈത്യകാല ക്യാമ്പിംഗ് കേന്ദ്രങ്ങളിൽ പരിശോധനയുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. അനധികൃത കാബിനുകൾ കണ്ടെത്തി നീക്കം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. നവംബർ ആദ്യ വാരത്തിൽ ആരംഭിച്ച ശൈത്യകാല ക്യാമ്പിംഗ് ഏപ്രിൽ 30 നാണ് അവസാനിക്കുന്നത്. ക്യാമ്പിങ് കേന്ദ്രങ്ങളിലുള്ള അനധികൃത കാബിനുകൾ കണ്ടെത്തുന്നതിനാണ് അവസാന ഘട്ടത്തിൽ മന്ത്രാലയം പരിശോധന ഊർജിതമാക്കിയത്.
പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കാത്ത കാബിനുകൾക്കും ക്യാമ്പിംഗ് സംഘത്തിനുമെതിരെ നടപടി സ്വീകരിക്കും. ലൈസൻസോ, അനുമതിയോ ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത കാബിനുകൾ നീക്കം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. സീസൺ അവസാനിക്കുന്നത് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനയും തുടരും. താമസക്കാരും, സ്വദേശികളും ഉൾപ്പെടെ പൊതുജനങ്ങൾ ശൈത്യകാല ക്യാമ്പിംഗ് സീസൺ സംബന്ധിച്ച നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.