മയക്കുമരുന്ന് പരിശോധനയിൽ വീഡിയോ റെക്കോർഡിംഗ് നിർബന്ധമാക്കണം: മുഖ്യമന്ത്രിക്ക് നിവേദനവുമായി ഖത്തർ കെഎംസിസി നാദാപുരം മണ്ഡലം
മുഖ്യമന്ത്രി നിവേദനത്തിന് മറുപടി നൽകിയിട്ടുണ്ടെന്നു ഖത്തർ കെഎംസിസി നാദാപുരം മണ്ഡലം


ദോഹ: സിന്തറ്റിക്ക് ഡ്രഗ്‌സുകൾ ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഗുരുതര സാമൂഹിക പ്രത്യഘാതങ്ങൾ ഉണ്ടാക്കുന്ന പുതിയ കേരളീയ സാഹചര്യത്തിൽ ഇവ കർശനമായി നിയന്ത്രിക്കാൻ പരിശോധനാ വേളയിലെ വീഡിയോ റെക്കോർഡിംഗ് നിർബന്ധമാക്കണമെന്ന ആവശ്യവുമായി ഖത്തർ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു.
മയക്കുമരുന്നിന്റെ അളവ് കൃത്യമായി തൂക്കുന്നുതുൾപ്പെടെയുള്ള മുഴുവൻ നടപടി ക്രമങ്ങളും പൊലീസ് വീഡിയോ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്ന തരത്തിൽ ആവശ്യമായ നിയമ ഭേദഗതി സർക്കാർ കൊണ്ടുവരണം. വീഡിയോ റെക്കോർഡിംഗ് സന്ദർഭത്തിൽ ഗസറ്റ് ഓഫീസറുടെ സാന്നിധ്യം വേണം. നിയമം നടപ്പാക്കുന്നതിൽ ഏകീകൃത സ്വഭാവം വരുത്താനും പൊലീസിന്റെ അലംഭാവം സംഭവിക്കാതിരിക്കാനും വീഡിയോ റെക്കോർഡിംഗ് നിർബന്ധം എന്നു തന്നെ നിയമത്തിൽ ചേർക്കേണ്ടതാണ്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക -നിയമ നടപടികളുണ്ടാവുന്ന രീതിയിലായിരിക്കണം നിയമ നിർമാണം. എൻ.ഡി.പി.എസ് നിയമത്തിലെ സെക്ഷൻ 10, 78 പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുള്ള അധികാരം ഉപയോഗിച്ച് ഇത്തരത്തിൽ നിയമനിർമാണം സാധ്യമാണ്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഫീൽഡ് ഓഫീസേഴ്‌സിനായി പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ പരിശോധന സമയത്ത് വീഡിയോ ക്യാമറയും മറ്റ് റെക്കോർഡിംഗ് ഉപകരണങ്ങളും കരുതണമെന്ന് നിർദേശിക്കുന്നുണ്ട്. നിർഭാഗ്യവാശാൽ അതൊന്നും നടപ്പാക്കപ്പെടുന്നില്ല. വീഡിയോ റെക്കോർഡിംഗ് ഉണ്ടായിരിക്കൽ ക്രമിനൽ നടപടി ക്രമങ്ങൾ എളുപ്പമാക്കുന്നതിന് അനുഗുണമാണെന്ന് സുപ്രിംകോടതി 2018 ലെ ഷാഫി മുഹമ്മദ്. വി- ഹിമാചൽ പ്രദേശ് കേസിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. വാണിജ്യ അളവിലും മറ്റുമുള്ള മയക്കുമരുന്നു പരിശോധന നടത്തുമ്പോഴും പിടിച്ചെടുക്കുമ്പോഴും നടപടി ക്രമങ്ങൾ മുഴുവനായി വീഡിയോ റെക്കോർഡ് ചെയ്യണമെന്ന് കൽക്കത്ത ഹൈക്കോടതി റീ കാലു കേസിലും പ്രസ്താവിച്ചിട്ടുണ്ട്. സമാനമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പ് വരുത്താൻ സംസ്ഥാനവും ഇത്തരം നിയമ നിർമാണം നടത്തേണ്ടതാണെന്നും നിവേദനത്തിൽ വിശദീകരിക്കുന്നു.
മയക്കുമരുന്ന് മാഫിയകൾ സ്‌കൂൾ, കോളേജ് വിദ്യാർഥികളെ സജീവമായി ലക്ഷ്യം വെക്കുകയും അവരുടെ പക്വതക്കുറവ് ചൂഷണം ചെയ്ത് അവരെ വ്യാപകമായി ലഹരിക്കടിമപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലഹരിക്കടത്തുകാരും പൊലീസിലെ ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് എൻഡിപിഎസ് നിയമപ്രകാരമുള്ള ശക്തമായ നിയമ നടപടിയിൽ നിന്ന് ഇത്തരക്കാരെ രക്ഷപ്പെടാൻ സഹായിക്കുന്നത്. ലഹരി മരുന്ന് വിതരണക്കാരെ കയ്യോടെ പിടികൂടിയ കേസുകളിൽ പോലും പൊലീസ് ഒത്താശയോടെ അളവിലും തൂക്കത്തിലും കുറവ് വരുത്തിയ നിരവധി സംഭവങ്ങൾ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. അതുവഴി ഇത്തരക്കാർക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാനും തങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരുവാനും സാധിക്കുന്നു. ലഹരിമാഫിയയെ രക്ഷിക്കാൻ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ചെറുപ്പക്കാരെ എൻ.ഡി.പി.എസ് പ്രകാരം കള്ളക്കേസുകളിൽ പെടുത്തുന്ന പ്രവണതയും മറുവശത്തുണ്ട്. വീഡീയോ റെക്കോർഡിംഗുകളുടേയോ വ്യക്തമായ തെളിവുകളുടെയോ അഭാവത്തിൽ അധികാരികൾ പലപ്പോഴും അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും ഖത്തർ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി നിവേദനത്തിന് മറുപടി നൽകിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവിക്കും എക്സൈസ് കമ്മീഷണർക്കും അയച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നുള്ള അറിയിപ്പാണ് മുഖ്യമന്ത്രിയുടെ അണ്ടർ സെക്രട്ടറി ഇ- മെയിലിൽ നൽകിയതെന്നും ഖത്തർ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉബൈദ് സി.കെ, ജനറൽ സെക്രട്ടറി ലത്തീഫ് വി. പി വാണിമേൽ, ട്രഷറർ ടി. കെ സൈഫു എന്നിവർ പറഞ്ഞു. ഇത് ശുഭകരമാണെന്നും നിയമസഭയിൽ ഉൾപ്പെടെ ഇത് ചർച്ചക്ക് കൊണ്ടു വരാനുള്ള ശ്രമം സംഘടന നടത്തുന്നുണ്ടെന്നും അവർ വ്യക്തമാക്കി.