ഖത്തറിലെ കരുതൽ ജല ശേഖരം മൂന്നിരട്ടി വർധിച്ചു
കഴിഞ്ഞ വർഷത്തോടെ 5.2 ദിവസത്തേക്കുള്ള വെള്ളം സംഭരിച്ചുവെക്കാൻ ശേഷി ഉയർത്തിയതായി കഹ്‌റാമയുടെ വാർഷിക റിപ്പോർട്ട്


ദോഹ: ഖത്തറിലെ കരുതൽ ജല ശേഖരം മൂന്നിരട്ടി വർധിച്ചതായി ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ. 2417 മില്യൺ ഗാലനാണ് ഖത്തറിലെ ജല സംഭരണ ശേഷി. 2010 ൽ 1.3 ദിവസത്തേക്ക് ഉപയോഗത്തിനുള്ള കുടിവെള്ളം സംഭരിക്കാനുള്ള സൗകര്യം മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തോടെ 5.2 ദിവസത്തേക്കുള്ള വെള്ളം സംഭരിച്ചുവെക്കാൻ ശേഷി ഉയർത്തിയതായി കഹ്‌റാമയുടെ വാർഷിക റിപ്പോർട്ട് പറയുന്നു.
ശുദ്ധീകരിച്ച കടൽവെള്ളമാണ് രാജ്യത്തിന്റെ പ്രധാന സ്രോതസ്, പ്രതിദിനം 538 മില്യൺ ഇംപീരിയൽ ഗാലൺസാണ് ഉൽപാദന ശേഷി. റാസ് ബു ഫൊണ്ടാസിൽ നിർമാണത്തിലുള്ള പുതിയ പ്ലാന്റ് കൂടി വരുന്നതോടെ 638 മില്യൺ ഇംപീരിയൽ ഗാലൺസായി ഉയരും. 2028 ൽ പ്ലാന്റ് കമ്മീഷൻ ചെയ്യും. ഭൂഗർഭ ജലം കൂടുതൽ ഉപയോഗിക്കുന്നതിനായി ശുദ്ധജലം ലഭിക്കുന്ന മുന്നൂറ് കിണറുകൾ കൂടി കഹ്‌റമാ ഒരുക്കുന്നുണ്ട്.
2018 ൽ കമ്മീഷൻ 1500 മില്യൺ ഇംപീരിയൽ ഗാലൺസ് ശേഷിയുള്ള വാട്ടർ സ്ട്രാറ്റജിക് മെഗാ റിസർവോയർസ് പ്രൊജക്ടാണ് ഖത്തറിന്റെ ജലസംഭരണ ശേഷി ഉയർത്തിയത്. ലോകത്തെ ഏറ്റവും വലിയ കോൺക്രീറ്റ് കുടിവെള്ള ടാങ്കാണിത്. കൂടുതൽ റിസർവോയറുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും കഹ്‌റമായ്ക്കുണ്ട്.