ലോകകപ്പിൽ ആരാധകർക്ക് താമസം ഒരുക്കുന്നതിനായി എംഎസ്‌സി വേൾഡ് യൂറോപ്പ ഖത്തറിലേക്ക്
ഏതാനും വർഷങ്ങളായി സെന്റ് നസയ്‌റിലെ ഷിപ്പ്‌യാർഡിൽ പണിപ്പുരയിലായിരുന്നു ഈ കപ്പൽ. നിർമാണം പൂർത്തിയാക്കി, കഴിഞ്ഞ ദിവസമാണ് ഉടമസ്ഥരായ എംഎസ്‌സി വേൾഡിന് കപ്പൽ കൈമാറിയത്.
ദോഹ: ലോകകപ്പിൽ ആരാധകർക്ക് താമസം ഒരുക്കുന്നതിനായി എംഎസ്‌സി വേൾഡ് യൂറോപ്പ ഫ്രാൻസിൽ നിന്നും ഖത്തറിലേക്ക് പുറപ്പെട്ടു. അത്യാഡംബര സൗകര്യങ്ങളാണ് കപ്പലിൽ ഒരുക്കിയിരിക്കുന്നത്. ഫ്രാൻസിലെ സെന്റ് നസയർ ഹാബറിലെ ഷിപ്പ്‌യാർഡിൽ നിന്നുമാണ് കടലിലെ കൊട്ടാരം ഖത്തറിലേക്ക് യാത്ര തിരിച്ചത്. പരമ്പരാഗത താമസ സൗകര്യങ്ങൾക്ക് പുറമെ ആരാധകർക്ക് ഖത്തർ ഒരുക്കുന്ന ക്രൂസ് കപ്പൽ താമസത്തിന്റെ ഭാഗമാകാൻ എംഎസ്‌സി യൂറോപ്പ ദോഹ തീരത്ത് നങ്കൂരമിടും.
ഏതാനും വർഷങ്ങളായി സെന്റ് നസയ്‌റിലെ ഷിപ്പ്‌യാർഡിൽ പണിപ്പുരയിലായിരുന്നു ഈ കപ്പൽ. നിർമാണം പൂർത്തിയാക്കി, കഴിഞ്ഞ ദിവസമാണ് ഉടമസ്ഥരായ എംഎസ്‌സി വേൾഡിന് കപ്പൽ കൈമാറിയത്. ആദ്യ ദൗത്യമാവട്ടെ ലോകകപ്പ് താമസ കേന്ദ്രമായും. ഫ്രാൻസിൽ നിന്നും പുറപ്പെട്ട് നവംബർ രണ്ടാം വാരത്തിൽ ദോഹ തീരത്തണയുന്ന കപ്പലിന്റെ ഉദ്ഘാടനം 13നാണ്. ദ്രവീകൃത പ്രകൃതി വാതക ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പൽ എന്ന പ്രത്യേകത കൂടിയുണ്ട്. കപ്പലിന് 333 മീറ്റർ നീളവും, 68 മീറ്റർ ഉയരവുമാണ് വലിപ്പം. ആറ് വിശാലമായ നീന്തൽ കുളങ്ങൾ, 14 വേൾപൂൾ, തെർമൽ ബത്ത്, ബ്യൂട്ടി സലൂൺ, ജിം, വെൽനെസ് സെന്റർ, സ്പാ ഇങ്ങനെ പോകുന്നു സൗകര്യങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ വിനോദ പരിപാടികളും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.