സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കും; നിർണായക കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സൗദിയും

ഇരു രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രിമാരാണ് കരാറിൽ ഒപ്പുവെച്ചത്

Update: 2024-09-13 13:51 GMT
Advertising

ദോഹ: സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നത് ഉൾപ്പെടെ നിർണായക കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സൗദിയും. ഇരു രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രിമാരാണ് കരാറിൽ ഒപ്പുവെച്ചത്. ഖത്തർ സന്ദർശിച്ച സൗദി ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദും ഖത്തർ ആഭ്യന്തര മന്ത്രിയും സുരക്ഷാ വിഭാഗമായ ലഖ്‌വിയ കമാൻഡറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും തമ്മിൽ നടന്ന കൂടികാഴ്ചക്കു പിന്നാലെയാണ് സുരക്ഷാ സഹകരണ കരാറിൽ ഒപ്പുവെച്ചത്.

ഇരു രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ ശാസ്ത്ര, പരിശീലന, ഗവേഷണ പദ്ധതികളിലും സഹകരിക്കും. സുരക്ഷ ആവശ്യങ്ങളുടെ ഭാഗമായി വ്യക്തികത വിവരങ്ങൾ പരസ്പരം കൈമാറാനുള്ള ധാരണയാണ് ഇതിൽ പ്രധാനം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായും സൗദി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകൾ അറിയിക്കുകയും ഖത്തർ സർക്കാരിനും ജനങ്ങൾക്കും പുരോഗതിയും സമൃദ്ധിയും നേരുകയും ചെയ്തതായി ആഭ്യന്തര മന്ത്രി അറിയിച്ചു. ഖത്തർ സുരക്ഷാ വിഭാഗത്തിന്റെ ആസ്ഥാനവും സൌദി ആഭ്യന്തര മന്ത്രി സന്ദർശിച്ചു.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News