വിമാന യാത്രാ ടിക്കറ്റ് ബുക്കിങ്ങിന് എ.ഐ സേവനവുമായി ഖത്തർ എയർവേസ്
വിർച്വൽ കാബിൻ ക്രൂ 'സമ' വഴിയാണ് എഐ ടിക്കറ്റ് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയത്


ദോഹ: വിമാന യാത്രാ ടിക്കറ്റ് ബുക്കിങ്ങിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സേവനവുമായി ഖത്തർ എയർവേസ്. വിർച്വൽ കാബിൻ ക്രൂ സമാ വഴിയാണ് എഐ ടിക്കറ്റ് ബുക്കിങ് സൌകര്യം ഏർപ്പെടുത്തിയത്. ഖത്തർ എയർവേസിന്റെ എ.ഐ കാബിൻ ക്രൂ സമയോട് ചാറ്റ് ചെയ്തും, ശബ്ദ സന്ദേശത്തിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാനാണ് സൗകര്യമുള്ളത്. ഖത്തർ വെബ്‌സമ്മിറ്റിന്റെ ഭാഗമായാണ് വിമാന ടിക്കറ്റ് ബുക്കിങ്ങിൽ നിർമിത ബുദ്ധിയുടെ സേവനം പ്രയോജനപ്പെടുത്തുന്ന പുതിയ ചുവടുവെപ്പിന് ഖത്തർ എയർവേസ് തുടക്കം കുറിച്ചത്.
വ്യോമയാന മേഖലയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക മുന്നേറ്റമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. ക്യൂവേഴ്‌സ് ആപ്പിലും വെബ്‌സൈറ്റിലും ഈ സേവനം ഉപയോഗിച്ച് പരസഹായമോ, സങ്കീർണതകളോ ഇല്ലാതെ എളുപ്പത്തിൽ ടിക്കറ്റ് ഉറപ്പിക്കാം. യാത്രക്കാരൻ യാത്രാ പദ്ധതി വിവരിച്ചു നൽകുന്നതോടെ 'സമ' സമഗ്രമായ യാത്രാ പ്ലാൻ തയ്യാറാക്കും. യാത്ര ചെയ്യുന്നു റൂട്ടിലെ വിമാനങ്ങൾ, കുടുംബ യാത്രാ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ വിവിരങ്ങൾ, സന്ദർശിക്കാനാവുന്ന സ്ഥലങ്ങൾ തുടങ്ങി മുഴു സമയ സേവനവും 24 മണിക്കൂറും 'സമ' ലഭ്യമാക്കും.