ലൈസൻസില്ല; മൂന്ന് ഉംറ സർവീസ് സ്ഥാപനങ്ങൾ ഖത്തർ ഔഖാഫ് പൂട്ടിച്ചു
ഖത്തർ ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പൊലീസ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയത്
ദോഹ: ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മൂന്ന് ഉംറ സർവീസ് സ്ഥാപനങ്ങൾ ഖത്തർ ഔഖാഫ് മന്ത്രാലയം പൂട്ടിച്ചു. ലൈസൻസ് ഇല്ലാതെ ഉംറ സേവനങ്ങൾ വാഗ്ദാനം ചെയ്തതിനാണ് പിഴ ഉൾപ്പെടെ നടപടി സ്വീകരിച്ചത്. ഖത്തർ ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പൊലീസ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയത്. സ്ഥപങ്ങൾക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വിഭാഗത്തിന് കേസ് കൈമാറി.
ഉംറ സേവനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന എല്ലാ ഓഫീസുകളും ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഹജ്ജ്, ഉംറ കാര്യ വകുപ്പിൽനിന്ന് ഉംറ യാത്രകൾ സംഘടിപ്പിക്കുന്നതിനുള്ള ലൈസൻസ് നേടണമെന്ന് മന്ത്രാലയം അറിയിച്ചു. ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പൊലീസ് ഇൻസ്പെക്ടർമാർ ഉംറ ഓഫീസുകളിൽ പരിശോധനകൾ നടത്തുന്നുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഔഖാഫ് അറിയിച്ചു.