വെടിക്കെട്ടും സാംസ്‌കാരിക വൈവിധ്യങ്ങളുമായി പെരുന്നാൾ ആഘോഷിച്ച് ഖത്തർ
ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഒരുക്കിയിരിക്കുന്നത്
Update: 2024-04-11 17:53 GMT
ദോഹ: വെടിക്കെട്ടും സാംസ്‌കാരിക പരിപാടികളുമായി പെരുന്നാൾ ആഘോഷിച്ച് ഖത്തർ. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഒരുക്കിയിരിക്കുന്നത്.
സൂഖ് വാഖിഫ്, വക്ര സൂഖ്, കതാറ എന്നിവിടങ്ങളിലായിരുന്നു വെടിക്കെട്ട് ഒരുക്കിയത്. സൂഖുകളിൽ രാത്രി എട്ടരയ്ക്കും കതാറയിൽ 12 മണിക്കുമാണ് വെടിക്കെട്ട് നടക്കുന്നത്. കതാറയിലും ലുസൈലിലും വിവിധ സാംസ്‌കാരിക സ്റ്റേജ് ഷോകളും അരങ്ങേറി.
അതേസമയം ലോകകപ്പ് ഫുട്‌ബോൾ വേദിയായ എജ്യുക്കേഷൻ സിറ്റിയിൽ പെരുന്നാൾ നമസ്‌കാരത്തിന് ഇത്തവണയും വൻ പതിനായിരങ്ങളെത്തി. 34000ത്തിലേറെ പേർ ഇവിടെ പ്രാർഥനയ്‌ക്കെത്തിയതായി അധികൃതർ അറിയിച്ചു. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങളും സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നു.