ചൈനയുമായി ദീർഘകാല എൽ.എൻ.ജി കൈമാറ്റ കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി
നോർത്ത് ഫീൽഡ് പ്രൊജക്ടുമായി ബന്ധപ്പെട്ട സംയുക്തസംരംഭത്തിന്റെ അഞ്ച് ശതമാനം ഓഹരിയും സിനോപെകിന് ഖത്തർ എനർജി കൈമാറും.
ദോഹ: ചൈനയുമായി ദീർഘകാല എൽ.എൻ.ജി കൈമാറ്റ കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി. 27 വർഷത്തേക്ക് പ്രതിവർഷം മൂന്ന് മില്യൺ മെട്രിക് ടൺ പ്രകൃതി വാതകമാണ് ചൈനീസ് കമ്പനി സിനോപെകിന് ഖത്തർ നൽകുക. ഖത്തറിന്റെ അഭിമാന പദ്ധതിയായ നോർത്ത് ഫീൽഡ് സൌത്തിൽ നിന്നുള്ള പ്രകൃതി വാതകമാണ് സിനോപെകിന് ലഭ്യമാക്കുക. 27 വർഷത്തെ ദീർഘകാല കരാറിൽ ഖത്തർ ഊർജ സഹമന്ത്രി സഅദ് ഷെരീദ അൽ കഅബിയും സിനോപെക് ചെയർമാൻ ഷെങ് യങ്ങും ഒപ്പുവെച്ചു.
നോർത്ത് ഫീൽഡ് പ്രൊജക്ടുമായി ബന്ധപ്പെട്ട സംയുക്തസംരംഭത്തിന്റെ അഞ്ച് ശതമാനം ഓഹരിയും സിനോപെകിന് ഖത്തർ എനർജി കൈമാറും. സിനോപെകുമായി ഈ പ്രൊജക്ടിൽ ഖത്തർ എനർജിയുടെ രണ്ടാമത്തെ കരാറാണിത്. നേരത്തെ 27 വർഷത്തേക്ക് പ്രതിവർഷം 4 മില്യൺ ടൺ എൽ.എൻ.ജി കൈമാറുന്നതിനുള്ള കരാർ ഒപ്പുവെച്ചിരുന്നു. പ്രകൃതി വാതക മേഖലയിലെ തന്നെ ദൈർഘ്യം കൂടിയ കരാറിലാണ് ഖത്തറും ചൈനയും ഒപ്പുവെച്ചത്.