ലോകകപ്പിന്റെ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായതായി ഖത്തർ
കടലിലും കരയിലും ആകാശത്തുമായി നടന്ന വൈവിധ്യ മാർന്ന സുരക്ഷാ അഭ്യാസത്തിലൂടെയാണ് അവസാന വട്ട സന്നാഹവും പൂർത്തിയായത്
ദോഹ: ലോകകപ്പിന്റെ എല്ലാ വിധ സുരക്ഷാ ഒരുക്കങ്ങളും പൂർത്തിയായതായി ഖത്തർ. ഖത്തറിന്റെയും 15ഓളം സൗഹൃദ രാജ്യങ്ങളുടെയും പൊലീസ്, സൈനിക വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയാണ് ലോകകപ്പ് സുരക്ഷ കുറ്റമറ്റതാക്കുന്നത്. ഏറ്റവും ഒടുവിൽ നടന്ന വത്വൻ സുരക്ഷ അഭ്യാസത്തിലൂടെ എല്ലാ വിധ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
കടലിലും കരയിലും ആകാശത്തുമായി നടന്ന വൈവിധ്യ മാർന്ന സുരക്ഷാ അഭ്യാസത്തിലൂടെയാണ് അവസാന വട്ട സന്നാഹവും പൂർത്തിയായത്. യൂറോപ്യൻ, അമേരിക്കൻ ഉൾപ്പെടെ വിവിധ ഏജൻസികളുടെയും സഹകരണവും ലോകകപ്പ് സുരക്ഷയിലുണ്ടാവും. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി തുർക്കിയുടെ എഫ്. 513 ബുർഗസാദ പടക്കപ്പൽ ദോഹയിലെത്തി. ലോകകപ്പ് സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ച സഹകരണ കരാറുകളുടെ ഭാഗമായാണ് ബുർഗസാദ പടക്കപ്പൽ ദോഹയിലെത്തിയത്. പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥർ, നാവിക സേനാ മേധാവികൾ എന്നിവരുടെ നേതൃത്വത്തിൽ തുർക്കി കപ്പലിനെയും സേനാ ഉദ്യോഗസ്ഥരെയും സ്വീകരിച്ചു.