ഖത്തർ നാഷണൽ മ്യൂസിയം ഗോൾഡൻ ജൂബിലി യുനെസ്‌കോയുമായി ചേർന്ന് ആഘോഷിക്കും
ഖത്തറിലും യുനെസ്‌കോയുടെ പാരിസിലെ ആസ്ഥാനത്തുമായി വിപുലമായ ആഘോഷ പരിപാടികൾ നടക്കും
ദോഹ: ഖത്തർ നാഷണൽ മ്യൂസിയത്തിന്റെ ഗോൾഡൻ ജൂബിലി ഐക്യരാഷ്ട്ര സഭ സംഘടനയായ യുനെസ്‌കോയുമായി ചേർന്ന് ആഘോഷിക്കും. ഖത്തറിലും യുനെസ്‌കോയുടെ പാരിസിലെ ആസ്ഥാനത്തുമായി വിപുലമായ ആഘോഷ പരിപാടികൾ നടക്കും.
ഖത്തറിന്റെയും മേഖലയുടെയും ചരിത്രങ്ങളുടെയും പൈതൃകത്തിന്റെയും സൂക്ഷിപ്പുകാരായി 1975ലാണ് ദേശീയ മ്യൂസിയം സ്ഥാപിക്കുന്നത്. ഓരോ ഘട്ടങ്ങളിലും പുതുമയേറിയ ആശയങ്ങളും നൂതന പദ്ധതികളുമായി നവീകരിക്കപ്പെട്ട ദേശീയ മ്യുസിയം നിലവിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമാണ്.
ഐക്യരാഷ്ട്ര സഭക്കു കീഴിൽ വിദ്യഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുള്ള വിഭാഗമായ യുനെസ്‌കോയുടെ കീഴിൽ അംഗരാജ്യങ്ങളിലെ മ്യൂസിയങ്ങളുടെ 100, 50 വാർഷികങ്ങൾ ആഘോഷിക്കുന്ന പതിവിന്റെ ഭാഗമായാണ് ഖത്തർ ദേശീയ മ്യൂസിയത്തിന്റെ നാഴികക്കല്ലും അന്താരാഷ്ട്ര തലത്തിൽ ഇത്തവണ അടയാളപ്പെടുത്തുന്നത്. പുലിറ്റ്‌സർ പ്രൈസ് ജേതാവും ലോകപ്രശസ്ത ആർകിടെക്ടുമായ ജീൻ ന്യുവെൽ അറേബ്യൻ നാടുകളിൽ പരിചിതമായ ഡെസേർട്ട് റോസിന്റെ മാതൃകയിൽ രൂപകൽപന ചെയ്ത പുതിയ മ്യൂസിയം കെട്ടിടം 2019 മാർച്ചിലാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ ശേഖരങ്ങൾ ഉൾപ്പെടെ എണ്ണായിരത്തോളം വസ്തുക്കളുടെ അപൂർവമായൊരു നിലവറയാണ് മ്യൂസിയം. 2024-2025 വർഷങ്ങളിലായാണ് ആഘോഷ പരിപാടികൾ നടക്കുക.