ലോകകപ്പിനോടനുബന്ധിച്ചുള്ള സുരക്ഷാ അഭ്യാസത്തിനൊരുങ്ങി ഖത്തർ
വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് സെക്യൂരിറ്റി ഡ്രിൽ നടക്കുന്നത്. ഇത് അഞ്ച് ദിസവം നീണ്ടുനിൽക്കും.
ദോഹ: ലോകകപ്പിനോട് അനുബന്ധിച്ചുള്ള സുരക്ഷാ അഭ്യാസത്തിനൊരുങ്ങി ഖത്തർ. ലഖ്‌വിയ ക്യാമ്പ് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു, സുരക്ഷയൊരുക്കുന്നതിൽ ഖത്തറിനെ സഹായിക്കാനായി തുർക്കി സൈന്യം ഖത്തറിലെത്തി.
അത്യാധുനിക സൗകര്യങ്ങളോടെയാണ് ഖത്തറിന്റെ സുരക്ഷാ സേനയായ ലഖ്‌വിയയുടെ ക്യാമ്പ് പ്രവർത്തനം തുടങ്ങിയത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് എയർ ഷോ, വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡുകൾ എന്നിവയുണ്ടായിരുന്നു. ലോകകപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച പ്രസന്റേഷനും അവതരിപ്പിച്ചു. ഞായറാഴ്ച തുടങ്ങുന്ന വതൻ ലോകകപ്പ് സുരക്ഷാ അഭ്യാസങ്ങളും ഉദ്യോഗസ്ഥർ അമീറിന് വിശദീകരിച്ച് നൽകി.
വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് സെക്യൂരിറ്റി ഡ്രിൽ നടക്കുന്നത്. ഇത് അഞ്ച് ദിസവം നീണ്ടുനിൽക്കും. അതേസമയം ലോകകപ്പിന് സുരക്ഷയൊരുക്കുന്നതിൽ ഖത്തറിനെ സഹായിക്കുന്നതിനായി തുർക്കി സൈന്യം ദോഹയിലെത്തി. കടലിൽ സുരക്ഷയ്ക്കായി തുർക്കിയുടെ യുദ്ധക്കപ്പലും ഖത്തർ തീരത്ത് എത്തിയിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന സുരക്ഷാ അഭ്യാസങ്ങളിൽ തുർക്കി സൈന്യവും പങ്കാളികളാകും.