ലോകകപ്പ് സമയത്ത് സുഗമമായ റോഡ് ഗതാഗത സൗകര്യമൊരുക്കാന്‍ ഖത്തര്‍
ലോകകപ്പ് സമയത്ത് സുഗമമായ റോഡ് സൗകര്യമൊരുക്കാനൊരുങ്ങി ഖത്തര്‍. ഇതിന്റെ ഭാഗമായി ആരാധകരുടെ സ്റ്റേഡിയത്തിലേക്കുള്ള യാത്രയെ സഹായിക്കാന്‍ സിസിടിവി ക്യാമറകളും ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചതായി അഷ്ഗാല്‍ അറിയിച്ചു.
ലോകകപ്പ് മത്സരങ്ങള്‍ ആസ്വദിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 10 ലക്ഷത്തിലേറെ ആരാധകര്‍ ഖത്തറിലെത്തുമെന്നാണ് കണക്ക്. സ്റ്റേഡിയങ്ങളെല്ലാം വളരെ അടുത്തായതിനാല്‍ ആരാധകര്‍ക്ക് ട്രാഫിക് ബ്ലോക്കും പ്രയാസങ്ങളുമില്ലാതെ സ്റ്റേഡിയങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സംവിധാനമൊരുക്കുകയാണ് പ്രധാനം. ഇതിനായി മികച്ച റോഡുകളും കൃത്യമായി സ്റ്റേഡിയങ്ങളിലേക്ക് നയിക്കുന്ന ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകളും സജ്ജമാണ്. സിസിടിവി
ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഏകോപനത്തിനായി അഷ്ഗാല്‍ റോഡ് മാനേജ്‌മെന്റ് സെന്ററിനെ ടെംപററി ട്രാഫിക് കണ്‍ട്രോള്‍ സെന്ററുമായി ബന്ധിപ്പിക്കും. ട്രാഫിക് പ്ലാനുകളില്‍ പെട്ടെന്ന് മാറ്റം വരുത്തേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ ഈ ഏകോപനം ഗുണം ചെയ്യും. മത്സര സമയത്തും ശേഷവും സിസിടിവി ക്യാമറകളിലൂടെ തന്നെ ട്രാഫിക് സിഗ്‌നല്‍ നിയന്ത്രിക്കുമെന്നും അഷ്ഗാല്‍ അറിയിച്ചു.