ലോകകപ്പ് ഫുട്‌ബോൾ യോഗ്യത: മൂന്നാം റൗണ്ടിൽ ഖത്തർ ഗ്രൂപ്പ് എയിൽ പന്ത് തട്ടും

2026ൽ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് ലോകകപ്പ് ഫുട്‌ബോൾ നടക്കുന്നത്

Update: 2024-06-27 19:09 GMT
Advertising

ദോഹ: ലോകകപ്പ് ഫുട്‌ബോൾ യോഗ്യത മൂന്നാം റൗണ്ടിൽ ഖത്തർ ഗ്രൂപ്പ് എയിൽ പന്ത് തട്ടും. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പുകൾ നിർണയിച്ചത്. മൂന്ന് ഗ്രൂപ്പുകളിലായി 18 ടീമുകളാണ് മൂന്നാം റൗണ്ടിൽ ലോകകപ്പ് യോഗ്യതയ്ക്കായി മത്സരിക്കുന്നത്. ഇറാൻ, ഉസ്‌ബെകിസ്താൻ, യുഎഇ, കിർഗിസ്താൻ, ഉത്തരകൊറിയ ടീമുകളാണ് ഖത്തറിനൊപ്പം ഗ്രൂപ്പ് എയിലുള്ളത്. ഗ്രൂപ്പ് സിയിൽ ശക്തരായ എതിരാളികൾക്കൊപ്പമാണ് സൗദി പന്തുതട്ടേണ്ടത്. ജപ്പാൻ, ആസ്‌ത്രേലിയ, ബഹ്‌റൈൻ, ചൈന, ഇന്തോനേഷ്യ എന്നിവരാണ് ഗ്രൂപ്പിലുള്ളത്.

ഏഷ്യൻ ഫുട്‌ബോളിലെ വൻ ശക്തികളായ ദക്ഷിണ കൊറിയക്ക് താരതമ്യേനെ അനായാസമാണ്. ഇറാഖ്, ജോർദാൻ, ഒമാൻ, ഫലസ്തീൻ, കുവൈത്ത് ടീമുകളാണ് കൊറിയക്കൊപ്പം ഗ്രൂപ്പ് ബിയിൽ ഉള്ളത്. ആകെ എട്ട് ടീമുകൾക്കാണ് ഏഷ്യൻ വൻ കരയിൽനിന്ന് നേരിട്ട് യോഗ്യത ലഭിക്കുക. ഒരു പ്ലേ ഓഫ് ബെർത്തുമുണ്ട്. മൂന്ന് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർക്ക് നാലാം റൗണ്ട് കളിക്കാം. ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് നാലാം റൗണ്ട് നടക്കുക. ഇതിൽ ഗ്രൂപ്പ് ചാമ്പ്യൻമാർക്ക് ലോകകപ്പിന് ടിക്കറ്റ് ലഭിക്കും. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ പരസ്പരം ഏറ്റുമുട്ടും. അതിൽ ജയിക്കുന്നവർക്ക് ഇന്റർ കോൺഫെഡറേഷൻ പ്ലേ ഓഫിൽ മത്സരിച്ച് ഭാഗ്യപരീക്ഷണം നടത്താം. 2026ൽ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് ലോകകപ്പ് ഫുട്‌ബോൾ നടക്കുന്നത്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News