ഖത്തർ ലോകകപ്പ്; ആരാധകർക്കായി 2.6 ലക്ഷം ഹയ്യാകാര്‍ഡുകള്‍ അനുവദിച്ചു
ലോകകപ്പ് സമയത്ത് വിദേശത്ത് നിന്നുള്ള ആരാധകര്‍ക്ക് ഖത്തറിലെത്താനുള്ള ഏക മാര്‍ഗം കൂടിയാണിത്
ദോഹ: ഖത്തര്‍ ലോകകപ്പ് ആരാധകര്‍ക്കായി ഇതുവരെ 2.6 ലക്ഷം ഹയ്യാകാര്‍ഡുകള്‍ അനുവദിച്ചതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി.ലോകകപ്പ് വേദികളിലേക്ക് പ്രവേശിക്കാനും ലോകകപ്പ് സമയത്ത് ഖത്തറിലെത്താനും ഹയ്യാ കാര്‍ഡ് നിര്‍ബന്ധമാണ്
ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയാണ് ഹയ്യാകാര്‍ഡ്. ടിക്കറ്റ് സ്വന്തമാക്കിയ 2.60,000 പേര്‍ക്ക് ഇതിനോടകം ഫാന്‍ ഐഡി അനുവദിച്ചതായി സുപ്രീം കമ്മിറ്റിയുടെ ഹയ്യ പ്ലാറ്റ്ഫോം എക്സിക്യുട്ടീവ് ഡയറക്ടർ സഈദ് അൽ കുവാരി വ്യക്തമാക്കി. ടിക്കറ്റിനൊപ്പം ഹയാ കാര്‍ഡ് കൂടി ഉള്ളവരെ മാത്രമാകും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. ഇവര്‍ക്ക് പൊതുഗതാഗത സംവിധാനങ്ങള്‍ സൌജന്യമായി ഉപയോഗിക്കാം.
ലോകകപ്പ് സമയത്ത് വിദേശത്ത് നിന്നുള്ള ആരാധകര്‍ക്ക് ഖത്തറിലെത്താനുള്ള ഏക മാര്‍ഗം കൂടിയാണിത്.ലോകകപ്പിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഹയ്യാ കാര്‍ഡെന്ന് സഈദ് അല്‍ കുവാരി വിശദീകരിച്ചു, ഹയ്യാ കാര്‍ഡിനായി ഖത്തറില്‍ നിന്നും അപേക്ഷിച്ചാല്‍ മൂന്ന് ദിവസത്തിനകം അപ്രൂവല്‍ ലഭിക്കും, ഖത്തറിന് പുറത്താണെങ്കില്‍ ഇത് 5 ദിവസം വരെയെടുക്കും, ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 80 പേരുടെ സംഘം പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. നവംബര്‍ ഒന്ന് മുതലാണ് ഹയ്യാകാര്‍ഡ് ഉപയോഗിച്ച് ഖത്തറിലേക്ക് വരാന്‍ കഴിയുക.ലോകകപ്പിനായി 12 ലക്ഷത്തോളം വിദേശികള്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.