മെസിയും നെയ്മറും റൊണാള്‍ഡോയുമെല്ലാം യാത്ര ചെയ്യുന്ന ബസ് ഇതാണ്...
ഖത്തർ ലോകകപ്പിൽ താരങ്ങളെ കൊണ്ടുപോകാൻ മാർക്കോപോളോ പാരഡിസോ ബസുകളെത്തി
ഖത്തർ ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ ടീമുകളുടെ യാത്രക്ക് ഉപയോഗിക്കുന്ന ലക്ഷ്വറി ബസുകൾ ഖത്തറിലെത്തി. വോൾവോയുടെ ഏറ്റവും പുതിയ മോഡലായ മാർക്കോപോളോ പാരഡിസോ ബസാണ് ടീമുകൾക്കായി ഉപയോഗിക്കുന്നത്. മലയാളി കമ്പനിയായ എംബിഎം ട്രാൻസ്‌പോർട്ടേഷനാണ് ടീമുകൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നത്. കളിക്കാർക്ക് ബേസ് ക്യാമ്പുകളിൽ നിന്ന് സ്റ്റേഡിയങ്ങളിലേക്കും ട്രെയ്‌നിങ് പിച്ചുകളിലേക്കും സഞ്ചരിക്കാനുള്ള വാഹനമാണിത്. ഏറ്റവും സുഖകരമായ യാത്രയ്‌ക്കൊപ്പം സുരക്ഷയും നിർമാതാക്കൾ ഉറപ്പു നൽകുന്നു. ബസിന് അകത്ത് തന്നെ റിഫ്രഷിങ് റൂമും സജ്ജീകരിച്ചിട്ടുണ്ട്. ബ്രസീലിൽ നിർമിച്ച വോൾവോ മാർക്കോ പോളോ പാരഡിസോ G8 വാഹനമാണിത്. വോൾവോയുടെ ഈ ലക്ഷ്വറി ബസ് ഖത്തറിൽ തന്നെ ആദ്യമായാണ് നിരത്തിലിറക്കുന്നത്.
വോൾവോയുടെ മറ്റൊരു സൂപ്പർ ലക്ഷ്വറി ബസ് കൂടി ലോകകപ്പിന്റെ യാത്രാ ആവശ്യങ്ങൾക്കായി എംബിഎം ഖത്തറിലെത്തിച്ചിട്ടുണ്ട്. മാർക്കോപോളോ പ്രതിനിധി മിഷേൽ മെൻസ് വാഹനത്തിന്റെ താക്കോൽ എംബിഎം ചെയർമാൻ ശൈഖ് മുഹമ്മദ് അൽ മിസ്‌നദിന് കൈമാറി, സ്വീഡിഷ് അംബാസഡർ ഗൗതം ഭട്ടാചാര്യ, ഡൊമാസ്‌കോ സെയിൽ മേധാവി മുഹമ്മദ് മജീദ്, എംബിഎം സിഇഒ സെയ്ദ് മുഹമ്മദ് നസീർ, ഫിഫ എംബിഎം പ്രൊജക്ട് ഡയറക്ടർ ഖദീജ, ഓഫീസ് ഡയറക്ടർ കരോലിന അൻസിൽ മീരാൻ ,നിസാം സഈദ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Qatar World Cup: Marcopolo Paradiso buses arrived to transport the players