ഖത്തര്‍ ലോകകപ്പ്; സെക്യൂരിറ്റി കോണ്‍ഫറന്‍സ് ഇന്ന് ആരംഭിക്കും
ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളും അന്താരാഷ്ട്ര സുരക്ഷാ ഏജന്‍സികളും പങ്കെടുക്കും
ലോകകപ്പ് ഫുട്‌ബോളിന് പഴുതില്ലാത്ത സുരക്ഷയും ക്രമീകരണങ്ങളുമായി ഖത്തര്‍ പൂര്‍ണ സജ്ജമെന്ന പ്രഖ്യാപനവുമായി സെക്യൂരിറ്റി ലാസ്റ്റ് മൈല്‍ കോണ്‍ഫറന്‍സ് ഇന്നും നാളെയുമായി നടക്കും. കോണ്‍ഫറന്‍സില്‍ യോഗ്യത നേടിയ മുഴുവന്‍ രാജ്യങ്ങളുടെയും സുരക്ഷാ ഏജന്‍സികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും, ഇതിന് പുറമെ ഇന്റര്‍പോള്‍, യൂറോപോള്‍, ഫിഫ, യു.എന്‍ തുടങ്ങിയ ഏജന്‍സികളും പങ്കെടുക്കുന്നുണ്ട്.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ലെഖ്വിയ എന്നിവരുടെ പ്രതിനിധികളും പങ്കാളികളാവും.
ലോകകപ്പിനായി ഖത്തറിന്റെ സുരക്ഷാ ഒരുക്കങ്ങള്‍ സംബന്ധിച്ച് ലോകരാജ്യങ്ങള്‍ക്ക് കൃത്യമായ ചിത്രം നല്‍കുന്നതിനാല്‍ ഏറെ സുപ്രധാനമാണ് രണ്ടു ദിവസത്തെ സമ്മേളനമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
ടീം അംഗങ്ങളും ആരാധകരും ഖത്തറിലെത്തുന്നത് മുതല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സുരക്ഷിതമായ നാട്ടിലേക്ക് മടങ്ങുന്നത് വരെയുള്ള ക്രമീകരണങ്ങള്‍ സമ്മേളനത്തില്‍ ലോകത്തിന് കൃത്യമായി വിശദീകരിച്ചുനല്‍കും.