ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ അഭ്യാസപ്രകടനമായ 'വതൻ എക്സസൈസ്' ഈ മാസം 10ന് തുടങ്ങും

സൈന്യമടക്കം 70 ഓളം സ്ഥാപനങ്ങൾ വതനിന്റെ ഭാഗമാകും

Update: 2024-11-07 16:33 GMT
Advertising

ദോഹ: ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ അഭ്യാസപ്രകടനമായ 'വതൻ എക്സസൈസ് ഈ മാസം 10ന് തുടങ്ങും. നാലാമത് വതൻ എക്‌സസൈസ് 13 വരെയാണ് നീണ്ടുനിൽക്കുക. ഖത്തർ സൈനിക വിഭാഗങ്ങളും വിവിധ മന്ത്രാലയങ്ങളും അടക്കം 70ഓളം സ്ഥാപനങ്ങൾ പങ്കെടുക്കും. ഇത്തവണ ഇറ്റാലിയൻ സുരക്ഷാ വിഭാഗവും വതനിൽ പങ്കെടുക്കും. ലഖ്‌വിയ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ വതൻ എക്‌സസൈസ് ആന്റ് ജനറൽ സൂപ്പർവൈസർ സ്ഥിരം കമ്മിറ്റി ചെയർമാൻ സ്റ്റാഫ് ബ്രിഗേഡിയർ മുബാറക് ഷെരീദ അൽ കഅബി സൈനിക അഭ്യാസം സംബന്ധിച്ച് വിശദീകരിച്ചു.

വിവിധ മേഖലകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകളാണ് വതൻ എക്‌സസൈസിൽ പരീക്ഷിക്കുന്നത്. വെല്ലുവിളികൾ നിറഞ്ഞ 55ഓളം സാഹചര്യങ്ങൾ സൃഷ്ടിച്ചായിരിക്കും സംയുക്ത സുരക്ഷാ അഭ്യാസം നടക്കുക. ആറു ഘട്ടങ്ങളിലായി അഭ്യാസ പ്രകടനം നടക്കുമെന്ന് വതൻ ലീഡർഷിപ്പ് ആന്റ് കൺട്രോൾ സെൽ കമാൻഡർ മേജർ മുഹമ്മദ് അഹമ്മദ് ജാബിർ അബ്ദുല്ല അറിയിച്ചു.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സർവീസ് സ്ഥാപനങ്ങൾ, താമസ കേന്ദ്രങ്ങൾ, പ്രധാന റോഡുകൾ, ഷോപ്പിങ് സെന്ററുകൾ ഉൾപ്പെടെ വിവിധ ഇടങ്ങൾ സൈനിക-സുരക്ഷാ അഭ്യാസ വേദികളായി മാറും. 2022 ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായാണ് 2021 നവംബറിലാണ് വതൻ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News