വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി

യുദ്ധവും അക്രമങ്ങളും കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസനത്തിന് വിഘാതമാണെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി ഓർമിപ്പിച്ചു

Update: 2024-09-23 15:29 GMT
Advertising

ദോഹ: വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുമെന്ന് ഖത്തർ പ്രധാനമന്ത്രി. യു.എൻ ജനറൽ അസംബ്ലിയുടെ ഭാഗമായി ന്യൂയോർക്കിൽ നടന്ന ഫ്യൂചർ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ ടെക്‌നോളജി, ശാസ്ത്രം, പുത്തൻ സാങ്കേതിക വിദ്യകൾ എന്നിവ പ്രയോജനപ്പെടുത്തി വൈവിധ്യവും സുസ്ഥിരവുമായ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തിൽ രാജ്യം ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കിയതായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി വ്യക്തമാക്കി.

യുദ്ധവും അക്രമങ്ങളും കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസനത്തിന് വിഘാതമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വികസ്വര ദരിദ്ര രാജ്യങ്ങളെയാണ് ഇത് സാരമായി ബാധിക്കുന്നത്. ശോഭനമായ ഭാവിക്കായി ഇത്തരം പ്രതിസന്ധികൾ പരിഹരിക്കാൻ ലോകം കൈകോർക്കണം. സമാധാനവും സുസ്ഥിരതയും ഇല്ലാത്തിടത്ത് വികസനം സാധ്യമല്ല. ഈ ബോധ്യത്തിൽ നിന്നാണ് ഗസ്സയിൽ ഉൾപ്പെടെ ഖത്തർ മധ്യസ്ഥ ചുമതലകൾ നിർവഹിക്കുന്നത്.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ആക്രമണങ്ങളിൽ ലോകം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത വർഷം ദോഹയിൽ നടക്കുന്ന സോഷ്യൽ ഡെവലപ്‌മെന്റ് ഉച്ചകോടിയിലേക്ക് ലോകത്തെ അദ്ദേഹം സ്വാഗതം ചെയ്തു. സുസ്ഥിര വികസനം, സമാധാനവും സുരക്ഷയും, ഗ്ലോബൽ ഗവേണൻസ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വിവിധ വിഷയങ്ങളിലൂന്നിയാണ് ഫ്യൂചർ സമ്മിറ്റ് നടന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News