ലോകകപ്പിനൊരുങ്ങി ഖത്തറിലെ വിനോദ സഞ്ചാരമേഖല; ഫുവൈരിത് ബീച്ച് റിസോർട്ട് അടുത്തമാസം തുറക്കും
ലോകകപ്പ് സമയത്ത് ഖത്തറിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ കരുത്തായി ഫുവൈരിത് കൈറ്റ് ബീച്ച് റിസോർട്ട് അടുത്ത മാസം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. വാട്ടർ സ്‌പോർട്‌സിന് പ്രത്യേകമായി സജ്ജീകരിച്ച റിസോർട്ടിലേക്ക് ലോകകപ്പ് സമയത്ത് കാണികൾ ഒഴുകുമെന്ന പ്രതീക്ഷയിലാണ് ഖത്തർ ടൂറിസം.
ഖത്തർ തലസ്ഥാനമായ ദോഹയിൽ നിന്നും 95 കിലോമീറ്റർ അകലെ വടക്കൻ തീരത്താണ് ഫുവൈരിത് ബീച്ച് റിസോർട്ട്. വാട്ടർ സ്‌പോർട്‌സാണ് ഇവിടുത്തെ പ്രധാന ആകർഷണം. കൈറ്റ് സർഫിങ്ങിനും പരിശീലനത്തിനും വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കയാക്കിങ്, സ്‌കൂബ ഡൈവിങ്, പാരാസെയിലിങ്, വേയ്ക്ക് ബോർഡിങ് തുടങ്ങിയ വാർട്ടർസ്‌പോർട്‌സ് ഇനങ്ങൾക്കും സൗകര്യമുണ്ട്. ബീച്ച് വോളിബോൾ, ബീച്ച് ഫുട്‌ബോൾ തുടങ്ങിയ ഗെയിംസുകൾ, ഗസ്റ്റ് ഹൈസ്, ഫിറ്റ്‌നസ് സെന്റർ, യോഗപവലിയൻ തുടങ്ങി സഞ്ചാരികൾക്ക് ആവശ്യമുള്ളതെല്ലാം റിസോർട്ടിൽ ഒരുക്കിയിട്ടുണ്ട്.