ലഹരിക്കടത്ത് കേസുകളിൽ കുടുങ്ങുന്നവർക്ക് ഖത്തറിൽ കടുത്ത ശിക്ഷ

ഭൂരിഭാഗം കേസുകളിലും ഉന്നത കോടതികളെ സമീപിച്ചിട്ടും കാര്യമില്ലെന്ന് നിയമവിദഗധർ

Update: 2024-09-11 17:42 GMT
Advertising

ദോഹ: ലഹരിക്കടത്ത് കേസുകളിൽ കുടുങ്ങുന്നവർക്ക് കടുത്ത ശിക്ഷയാണ് ഖത്തറിൽ കാത്തിരിക്കുന്നത്. ഭൂരിഭാഗം കേസുകളിലും ഉന്നത കോടതികളെ സമീപിച്ചിട്ടും കാര്യമില്ലെന്ന് നിയമവിദഗധർ പറയുന്നു. തുച്ഛമായ തുകയക്ക് വേണ്ടിയോ സൌഹൃദത്തിന്റെ പേരിലോ ഒക്കെയാണ് മിക്കവരും മറ്റുള്ളവർ നൽകുന്ന ബാഗേജുമായി യാത്ര ചെയ്യുന്നത്. ഒടുവിൽ പിടിക്കപ്പെടുമ്പോളാകും യാത്രക്കാരൻ സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കുന്നത്. നിരപരാധിത്വം ബോധിപ്പിക്കാനുമാവില്ല. ഖത്തർ പോലുള്ള രാജ്യങ്ങളിൽ നിയമസഹായം ലഭ്യമാക്കാനും കനത്ത തുക കണ്ടെത്തേണ്ടിവരും. മയക്കുമരുന്നിനോട് സന്ധിയില്ലാ പോരാട്ടം നടത്തുന്ന ഖത്തറിൽ ഇത്തരം നിയമപോരാട്ടങ്ങൾ വലിയ ഫലം കാണാറുമില്ല. പിടിക്കപ്പെട്ടാൽ ശിക്ഷ ഉറപ്പാണെന്ന് സാരം.

അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഹമദ് വിമാനത്താവളത്തിലും തുറമുഖങ്ങളിലും പരിശോധന നടക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ വിമാനത്താവളത്തിൽ പിടിക്കപ്പെടാതിരുന്നാൽ അവർ ഡ്രഗ് എൻഫോഴസമെന്റ് വിഭാഗത്തിന്റെ നിരീക്ഷണത്തിലാണെന്ന് സാരം. വിൽപ്പനയുടെയും കടത്തിന്റെയും കണ്ണികളെ ഒരുമിച്ച പിടികൂടാൻ ഇത്തരം നടപടികൾ അധികൃതർ സ്വീകരിക്കുന്നുണ്ട്. അറിവില്ലായ്മ മൂലമോ ശ്രദ്ധക്കുറവ് മൂലമോ നിരപരാധികളും കേസുകളിൽ കുടുങ്ങുന്ന സാഹചര്യത്തിൽ ഖത്തർ ഇന്ത്യൻ എംബസിയും അനുബന്ധ സംഘടനയായ ഐസിബിഎഫും ബോധവതകരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സെമിനാർ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് നൂറിലേറെ ഇന്ത്യക്കാർ നിലവിൽ ഖത്തറിലെ ജയിലുകളിൽ ഉള്ളതായി ഇന്ത്യൻ എംബസി വ്യക്തമാക്കിയിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News