ദുബൈയടക്കം ആറ് വൻ നഗരങ്ങളിൽ ഫിഫ ഫാൻസ് ഫെസ്റ്റിവൽ
ഖത്തറിൽ ദോഹ കോർണിഷിനോട് ചേർന്ന അൽബിദ പാർക്കാണ് ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ വേദി
ഖത്തറിന് പുറത്തും ലോകകപ്പ് ആരവങ്ങളുമായി ഫിഫ. ആറ് വൻ നഗരങ്ങൾ ഫിഫ ഫാൻ ഫെസ്റ്റിവലിന് വേദിയാകും. ദുബൈ. സോൾ, ലണ്ടൻ, മെക്‌സിക്കോ സിറ്റി, സാവോ പോളോ, റിയോ ഡി ജനീറോ എന്നിവയാണ് ഫാൻ ഫെസ്റ്റിവലിന് വേദിയാകുന്ന നഗരങ്ങൾ. ലോകകപ്പിന്റെ ആരവങ്ങൾ വേദികൾക്ക് പുറത്തും അനുഭവിക്കാനുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത്.
ഖത്തറിൽ ദോഹ കോർണിഷിനോട് ചേർന്ന അൽബിദ പാർക്കാണ് ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ വേദി. പേരും രൂപവും മാറിയെത്തുന്ന ഫാൻ ഫെസ്റ്റിവലിൽ കളി കാണാനുള്ള കൂറ്റൻ സ്‌ക്രീനിനൊപ്പം സംഗീതം, ഡിജെ, സാംസ്‌കാരിക പരിപാടികൾ, ഫുഡ് കോർട്ടുകൾ തുടങ്ങിയവ എല്ലാതരം ആസ്വാദകരെയും തൃപ്തിപ്പെടുത്തും. അൽബിദ പാർക്കിലെ ഫാൻ ഫെസ്റ്റിവലിന് സമാനമായാണ് ആറ് വൻ നഗരങ്ങളിലും ഫാൻ ഫെസ്റ്റിവലുണ്ടാകുക. ഇവിടങ്ങളിലെല്ലാം അൽബിദയിലെ പ്രധാന ഫാൻ ഫെസ്റ്റിവലിലേത് പോലെ പ്രമുഖരായ കലാകാരൻമാരുടെ പ്രകടനങ്ങളുണ്ടാകും. അതോടൊപ്പം തന്നെ ഖത്തറിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ലോകകപ്പ് ആരവങ്ങളുടെ ദൃശ്യങ്ങളും സ്‌ക്രീനിലെത്തും. പതിനായിരത്തിലേറെ ആരാധകരെ ഉൾക്കൊള്ളുന്ന രീതിയിലാണ് ഫാൻ ഫെസ്റ്റിവലുകൾ സജ്ജീകരിക്കുന്നത്. അൽ ബിദയിൽ 40,000 പേർക്ക് ഒരേ സമയം ആടിത്തിമിർക്കാം.
Six major cities will host the FIFA Fan Festival