ഏഷ്യൻ വൻകരയുടെ ഫുട്‌ബോൾ താരത്തെ നാളെ പ്രഖ്യാപിക്കും
പുരസ്‌കാര പ്രഖ്യാപന ചടങ്ങ് ഖത്തറിൽ
ദോഹ: ലോകകപ്പ് ഫുട്‌ബോളിന് സാക്ഷിയായ ദോഹയിൽ 2022 സീസണിലെ ഏഷ്യൻ വൻകരയുടെ ഏറ്റവും മികച്ച താരത്തെ പ്രഖ്യാപിക്കും. നാലു വർഷത്തെ ഇടവേളക്കു ശേഷമാണ് ഏറ്റവും മികച്ച ഏഷ്യൻ താരത്തിനുള്ള എ.എഫ്.സി പുരസ്‌കാരം തിരികെയെത്തുന്നത്. 2020 മുതൽ കോവിഡ് കാലത്ത് പുരസ്‌കാരം മുടങ്ങിയിരുന്നു.
ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഏഷ്യൻ കപ്പ് ഫുട്ബാളിന് ഖത്തറിൽ വേദിയാവാൻ ഇരിക്കെയാണ് വൻകരയുടെ മികച്ച താരത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിനും ദോഹ വേദിയാവുന്നത്. ചൊവ്വാഴ്ച രാത്രിയിൽ ഖത്തർ സമയം എട്ടു മണിക്ക് ചടങ്ങുകൾക്ക് തുടക്കമാകും. പ്ലെയർ ഓഫ് ദി ഇയർ, എ.എഫ്.സി വുമൺസ് പ്ലെയർ ഓഫ് ദി ഇയർ എന്നിവർക്കു പുറമെ, എ.എഫ്.സി ഏഷ്യൻ ഇൻറർനാഷണൽ പ്ലെയർ, മികച്ച കോച്ച്, യുവതാരം, മികച്ച അസോസിയേഷൻ, മികച്ച റഫറി തുടങ്ങിയ പുരസ്‌കാരങ്ങളും പ്രഖ്യാപിക്കും.
പുരുഷ വിഭാഗത്തിൽ മികച്ച താരങ്ങളുടെ അന്തിമ പട്ടികയിൽ ആസ്‌ത്രേലിയയുടെ മെൽബൺ സിറ്റി താരം മാത്യൂ ലെകി, ഖത്തറിൽ അൽ ദുഹൈൽ എഫ്.സി താരം അൽ മുഈസ് അലി, സൗദിയുടെ അൽ ഹിലാൽ താരം സാലിം അൽ ദൗസരി എന്നിവരാണ് ഇടം പിടിച്ചത്.