മീഡിയവൺ ഖത്തറിൽ നടത്തുന്ന ദോഹ റണ്ണിന്റെ ഔദ്യോഗിക ലോഞ്ചിങ് നടന്നു
ഖത്തർ കായിക, യുവജന മന്ത്രാലയത്തിന്റെയും ഖത്തർ സ്‌പോർട്‌സ് ഫോർ ആൾ ഫെഡറേഷന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്
ദോഹ: ഖത്തർ കായിക, യുവജന മന്ത്രാലയത്തിന്റെയും ഖത്തർ സ്‌പോർട്‌സ് ഫോർ ആൾ ഫെഡറേഷന്റെയും സഹകരണത്തോടെ മീഡിയവൺ ഖത്തറിൽ നടത്തുന്ന ദോഹ റണ്ണിന്റെ ഔദ്യോഗിക ലോഞ്ചിങ് നടന്നു. ക്യുഎസ്എഫ്എ സിഇഒ അബ്ദുള്ള മുഹമ്മദ് അൽ ദോസരി പോസ്റ്റർ പ്രകാശനം ചെയ്തു. കായിക, യുവജന മന്ത്രാലയത്തിന്റെയും ഖത്തർ സ്‌പോർട്‌സ് ഫോർ ആൾ ഫെഡറേഷന്റെയും സഹകരണത്തോടെ നടത്തുന്ന ദോഹ റൺ ജനുവരി 24 നാണ് നടക്കുന്നത്. അൽബിദ്ദ പാർക്കാണ് വേദി.
ഖത്തർ കായിക മന്ത്രാലയം ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കും. ഇത്തരം കായിക സംഘാടനങ്ങളിലെ സഹകരണത്തിലൂടെ ഖത്തറിലെ ഏറ്റവും വലിയ സമൂഹത്തിലേക്ക് എത്തിച്ചേരുക എന്നതാണ് ക്യുഎസ്എഫ്എയുടെ കാഴ്ചപ്പാട്. ഇത്തരം പരിപാടികൾ വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഖത്തരികളും താമസക്കാരുമായ എല്ലാവരേയും ഉൾപ്പെടുത്തിയുള്ള ദോഹ റണ്ണുമായി സഹകരിക്കുന്നതിൽ ക്യുഎസ്എഫ്എയ്ക്ക് സന്തോഷമുണ്ടെന്നും ദോസരി പറഞ്ഞു.
മീഡിയവൺ, ഗൾഫ് മാധ്യമം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം റഹീം ഓമശ്ശേരി, മീഡിയ സൊലൂഷൻസ് ഡെപ്യൂട്ടി മാനേജർ മുഹമ്മദ് റഈസ്, സ്പാർക്‌സ് ഷൂസ് കൺട്രി മാനേജർ സദ്ദാം ഹുസൈൻ എന്നിവർ ലോഞ്ചിങ് ചടങ്ങിൽ സന്നിഹിതരായി. ഖത്തറിലെ എല്ലാ കായിക പ്രേമികൾക്കും വിവിധ കാറ്റഗറികളിലായി നടക്കുന്ന റണ്ണിൽ പങ്കെടുക്കാൻ സാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും റണ്ണിന്റെ ഭാഗമാകാം. പങ്കെടുക്കുന്നവർക്കെല്ലാം ടീഷർട്ടും മെഡലും, ഇലക്ട്രോണിക് ബിബും ലഭിക്കും. രജിസ്‌ട്രേഷനുള്ള ഏർലി ബേർഡ് ഓഫർ ഈ മാസം അവസാനിക്കും. ക്യു ടിക്കറ്റ്‌സ് വഴിയും ക്യുഎസ്എഫ്എ ആപ്ലിക്കേഷൻ വഴിയും രജിസ്റ്റർ ചെയ്യാം.