ലോകകപ്പ് മത്സരങ്ങൾ കാണാൻ ഭാഗ്യം ലഭിച്ചവരെ നാളെ മുതൽ അറിയാം
അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ഇന്ത്യ, മെക്‌സിക്കോ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് ബുക്കിങ്ങിൽ ആദ്യ പത്തിലുള്ളത്.
ലോകകപ്പ് മത്സരങ്ങൾ കാണാൻ ഭാഗ്യം ലഭിച്ചവരെ നാളെ മുതൽ അറിയാം. റാൻഡം നറുക്കെടുപ്പിൽ ടിക്കറ്റ് ലഭിച്ചവരെ നാളെ മുതൽ ഇ മെയിൽ വഴി അറിയിക്കുമെന്ന് ഫിഫ വ്യക്തമാക്കി. പത്ത് ലക്ഷത്തോളം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ജനുവരി 19 മുതൽ ഫെബ്രുവരി എട്ട് വരെ നീണ്ട ആദ്യഘട്ടത്തിൽ ഒരു കോടി 70 ലക്ഷം ആരാധകരാണ് ടിക്കറ്റിനായി അപേക്ഷിച്ചത്. ഇതിൽ നിന്ന് റാൻഡം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 10 ലക്ഷത്തോളം പേർക്കാണ് മത്സരം കാണാൻ അവസരം. ഫിഫയുടെ ഇ മെയിൽ ലഭിക്കുന്ന മുറക്ക് വിസ കാർഡ് ഉപയോഗിച്ച് പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാം.
ആതിഥേയരായ ഖത്തറിൽ നിന്നാണ് കൂടുതൽ പേർ മത്സരം കാണാൻ അപേക്ഷിച്ചത്. അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ഇന്ത്യ, മെക്‌സിക്കോ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് ബുക്കിങ്ങിൽ ആദ്യ പത്തിലുള്ളത്. ലോകകപ്പ് ഫൈനൽ മത്സരം കാണാനാണ് കൂടുതൽ അപേക്ഷകർ. 18 ലക്ഷം പേരാണ് ഫൈനൽ മത്സരത്തിന്റെ ടിക്കറ്റിന് അപേക്ഷ നൽകിയത്. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ കളികാണാനുള്ള അവസരം കൂടിയാണ് ഖത്തർ ഒരുക്കുന്നത്. ഖത്തറിൽ താമസക്കാരായവർക്ക് 40 റിയാലിനാണ് ടിക്കറ്റ് നൽകുന്നത്.