ലോകകപ്പ് ഫുട്ബോൾ; യോഗ്യതാ പോരാട്ടങ്ങൾക്കൊരുങ്ങി ഖത്തർ, ആദ്യ മത്സരം അഗഫ്ഗാനിസ്താനൊപ്പം
നവംബർ 16ന് സ്വന്തം നാട്ടിലും 21ന് ഇന്ത്യക്കെതിരെയുമാണ് ആദ്യ ഘട്ടത്തിലെ മത്സരങ്ങൾ.
ദോഹ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ പോരാട്ടങ്ങള്‍ക്കൊരുങ്ങി ഖത്തര്‍. ഈ മാസം 16 ന് അഫ്ഗാനിസ്ഥാനെതിരെയാണ് ആദ്യ മത്സരം. ഇന്ത്യയും കുവൈത്തുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ലോകകപ്പ് ഫുട്ബാളിന് സ്വന്തം മണ്ണിൽ കൊടിയിറങ്ങി ഒരു വർഷം തികയാനിരിക്കെയാണ് ഖത്തര്‍ അടുത്ത ലോകകപ്പിന് ഒരുക്കങ്ങള്‍ സജീവമാക്കുന്നത്.
ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തോടെ ഖത്തറിന്റെ ലോകകപ്പ് ദൗത്യത്തിന് തുടക്കം കുറിക്കും. നവംബർ 16ന് സ്വന്തം നാട്ടിലും 21ന് ഇന്ത്യക്കെതിരെയുമാണ് ആദ്യ ഘട്ടത്തിലെ മത്സരങ്ങൾ. ഭുവനേശ്വറിലാണ് കാർലോസ് ക്വിറോസിന്റെ നേതൃത്വത്തിലുള്ള സംഘം തങ്ങളുടെ രണ്ടാം അങ്കത്തിൽ കളിക്കുന്നത്.
2026ൽ അമേരിക്ക- മെക്സികോ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിന്റെയും, 2027ൽ സൗദി അറേബ്യ വേദിയാകുന്ന ഏഷ്യൻ കപ്പിന്റെയും യോഗ്യതാ പോരാട്ടങ്ങൾക്ക് കൂടിയാണ് അടുത്തയാഴ്ച തുടക്കം കുറിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ ആതിഥേയർ എന്ന നിലയിൽ കളിച്ച് ചരിത്രം കുറിച്ച ഖത്തറിന്, കളിച്ച് ജയിച്ച് ലോകമേളയിലേക്ക് യോഗ്യത നേടുകയാണ് അടുത്ത ലക്ഷ്യം.
പെഡ്രോ മിഗ്വേൽ, അക്രം അഫിഫ്, ഹസൻ അൽ ഹൈദോസ്, അൽ മുഈസ് അലി, ഗോൾകീപ്പർ മിഷാൽ ബർഷിം തുടങ്ങി സീനിയര്‍ താരങ്ങളെല്ലാം ആദ്യ മത്സരത്തിനുള്ള സംഘത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.