ലോകകപ്പ് താരങ്ങൾക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങളൊരുങ്ങുന്നു
ലോകകപ്പിനെത്തുന്ന സൂപ്പർ താരങ്ങൾക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഖത്തറിന്റെ ആസ്പറ്റാർ സ്‌പോർട്‌സ് മെഡിസിൻ സ്‌പെഷ്യാലിറ്റി ആശുപത്രി. ഫിഫ മെഡിക്കൽ സെന്റർ ഓഫ് എക്‌സലൻസ് അംഗീകാരം നേടുന്ന ഗൾഫ് മേഖലയിലെ പ്രഥമ സ്‌പോർട്‌സ് മെഡിസിൻ ആശുപത്രിയാണിത്.
2014 ലോകകപ്പ് ഫുട്‌ബോളിൽ കൊളംബിയൻ താരം സുനിഗയുടെ കാൽമുട്ട് ഇടിയേറ്റ് നട്ടെല്ല് തകർന്ന നെയ്മറിനെ എവിടെ ചികിത്സിക്കുമെന്നായിരുന്നു ലോകകപ്പ് കാലത്തെ പ്രധാന ചർച്ചാ വിഷയം. എന്നാൽ ഖത്തറിൽ ഏതെങ്കിലും ഒരു താരത്തിന് പരിക്ക് പറ്റിയാൽ ടീം മാനേജ്‌മെന്റുകൾക്ക് ഇത്തരമൊരു ചിന്തയുടെ ആവശ്യമുണ്ടാകില്ല. അത്രയും അത്യാധുനിക ചികിത്സാ സംവിധാനങ്ങളുമായി ആസ്പറ്റാർ സ്‌പോർസ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ സർവ സജ്ജമായിരിക്കും.
മികച്ച സ്റ്റേഡിയങ്ങൾക്കും സൌകര്യങ്ങൾക്കുമൊപ്പം ഖത്തർ നൽകുന്ന മറ്റൊരു വാഗ്ദാനമാണ് താരങ്ങൾക്ക് മികച്ച ചികിത്സ. ഓർത്തോപീഡിക് സർജൻമാർ, കാർഡിയോളജിസ്റ്റുകൾ, സ്‌പോർട്‌സ് മെഡിസിൻ ഫിസിഷ്യൻസ്, സ്‌പോർട്‌സ് ഡെൻറിസ്റ്റുകൾ, തുടങ്ങി ബയോമെഡിക്കൽ എഞ്ചിനീയർമാർ വരെയുള്ള വിദഗ്ധരുടെ നീണ്ടനിര തന്നെയുണ്ട് ഇവിടെ.
2009ൽ ഫിഫ മെഡിക്കൽ സെന്റർ ഓഫ് എക്‌സലൻസ് അംഗീകാരമടക്കം നിരവധി പുരസ്‌കാരങ്ങൾ ആസ്പറ്റാറിനെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും പി.എസ്.ജിയുടെ താരങ്ങൾ ഇവിടെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിയിരുന്നു.