ഖത്തര്‍ ലോകകപ്പിന്റെ സുരക്ഷാ സന്നാഹങ്ങള്‍ വരാനിരിക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളുടെ മാനകമാകും; ഫിഫ സെക്യൂരിറ്റി ഡയറക്ടര്‍
ദുബൈയില്‍ ഇന്റര്‍സെക് പ്രദര്‍ശന വേദിയിലാണ് ഫിഫ സെക്യൂരിറ്റി ഡയറക്ടര്‍ ഹെല്‍മുട്ട് സ്പാന്‍ ഖത്തര്‍ ലോകകപ്പിന്റെ സുരക്ഷാ സംവിധാനങ്ങളെ പ്രശംസിച്ചത്
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ സുരക്ഷാ സന്നാഹങ്ങള്‍ വരാനിരിക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളുടെ മാനകമാകുമെന്ന് ഫിഫ സെക്യൂരിറ്റി ഡയറക്ടര്‍. ഹയാ കാര്‍ഡ് വഴി ഖത്തര്‍ ആരാധകരുടെ യാത്ര എളുപ്പമാക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
ദുബൈയില്‍ ഇന്റര്‍സെക് പ്രദര്‍ശന വേദിയിലാണ് ഫിഫ സെക്യൂരിറ്റി ഡയറക്ടര്‍ ഹെല്‍മുട്ട് സ്പാന്‍ ഖത്തര്‍ ലോകകപ്പിന്റെ സുരക്ഷാ സംവിധാനങ്ങളെ പ്രശംസിച്ചത്. 2026 ലോകകപ്പ് അടക്കം വരാനിരിക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളെയെല്ലാം ഈ ലോകകപ്പിന്റെ സുരക്ഷാ സംവിധാനങ്ങള്‍ സ്വാധീനിക്കും. ഖത്തര്‍ അവതരിപ്പിച്ച ഡിജിറ്റല്‍ ഹയാകാര്‍ഡ് വിസയ്ക്ക് പകരമാവുകയും സുരക്ഷാ ക്രമീകരണങ്ങള്‍ അനായാസമാക്കുകയും ചെയ്തു.
അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാനഡ, മെക്സിക്കോ, അമേരിക്ക രാജ്യങ്ങള്‍ക്കും ഈ മാതൃക സ്വീകരിക്കാവുന്നതാണ്. ലോകകപ്പ് സമയത്ത് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഖത്തര്‍ ഒരുക്കിയിരുന്നത്. ഒരു അനിഷ്ട സംഭവം പോലും ഈ സമയത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.