ലോകകപ്പ് കാണാൻ 780 സർവീസുകളുമായി സൗദി എയർലൈൻസ്

സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്ലൈ അദീലും ഫ്രീക്വൻസി സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2022-11-06 18:17 GMT
Advertising

ജിദ്ദ: ഖത്തർ ലോകകപ്പ് കാണാൻ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി വൻ ക്രമീകരണങ്ങളുമായി സൗദി ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ്. റിയാദ്. ജിദ്ദ, ദമ്മാം എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ദോഹയിലേക്ക് സൗദി എയർലൈൻസ് പ്രത്യേക സർവീസ് നടത്തും.

ഷെഡ്യൂൾഡ് സർവീസുകളും, പ്രത്യേക ഫ്രീക്വൻസി സർവീസുകളുമുൾപ്പെടെ 780 ലധികം സർവീസുകളാണ് സൗദി എയർലൈൻസ് പ്രഖ്യാപിച്ചിട്ടുളളത്. ഇതിലൂടെ 2,54,000 സീറ്റുകൾ ഖത്തർ ലോകകപ്പ് കാണാനായി പോകുന്നവർക്ക് മാത്രമായി നീക്കിവയ്ക്കാനാകും.

കൂടാതെ സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്ലൈ അദീലും ഫ്രീക്വൻസി സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസേന പ്രത്യേക ഫ്രീക്വൻസി സർവീസുകളിലൂടെ യാത്രക്കാർക്ക് ദിവസവും ഖത്തറിലെത്തി മത്സരം കാണാനും ശേഷം അന്നുതന്നെ സൗദിയിൽ തിരിച്ചെത്താനും സാധിക്കും.

റിയാദിലെ കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 3, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ ഹജ്ജ് ടെർമിനൽ, ദമ്മാമിലെ കിങ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടിലെ ദീർഘകാല പാർക്കിങ് ഏരിയ എന്നിവയുൾപ്പെടെ മൂന്ന് ഡിപ്പാർച്ചർ ഹാളുകൾ ഫ്രീക്വൻസി വിമാന യാത്രക്കാർക്കായി ക്രമീകരിച്ചിട്ടുണ്ട്.

ഈ യാത്രക്കാർ പഴയ ദോഹ വിമാനത്താവളത്തിലാണ് ഇറങ്ങുക. സൗദി എയർലൈൻസ്, ഫ്ലൈ അദീൽ, ഫ്ലൈനാസ്, ഖത്തർ എയർവെയ്‌സ് എന്നിവയുടെ സാധാരണ വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ജിദ്ദ, റിയാദ്, മദീന, അൽ ഖസിം എന്നീ വിമാനത്താവളങ്ങളിലെ അന്താരാഷ്‌ട്ര ലോഞ്ചുകളിൽ നിന്ന് സാധാരണ പോലെ യാത്ര ചെയ്യാം. ഈ യാത്രക്കാർ ഖത്തറിലെ പുതിയ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലാണ് വിമാനമിറങ്ങുക.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News