ഫലസ്തീനിലേക്ക് സൗദി അംബാസിഡർ; ഫലസ്തീൻ വിഷയത്തിൽ ചരിത്രനീക്കം
സുരക്ഷാ കാരണങ്ങളാൽ ജോർദാൻ ആസ്ഥാനമായിട്ടായിരിക്കും അംബാസിഡർ പ്രവർത്തിക്കുക
റിയാദ്: ചരിത്രത്തിലാദ്യമായി കിഴക്കൻ ജെറുസലേമിലേക്കുള്ള സൗദിയുടെ ഫലസ്തീൻ അംബാസിഡർ ഇന്ന് നിയമിതനായി. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ സൗദി പിന്തുണ തുടരുമെന്ന് അംബാസിഡർ പറഞ്ഞു. നിയമന പത്രം ഫലസ്തീൻ പ്രസിഡണ്ടിന് നിയുക്ത അംബാസിഡർ നായിഫ് അൽ സുദൈരി കൈമാറി. ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന് മുന്നിൽ അദ്ദേഹം അധികാരമേറ്റു.
സുരക്ഷാ കാരണങ്ങളാൽ ജോർദാൻ ആസ്ഥാനമായിട്ടായിരിക്കും അംബാസിഡർ പ്രവർത്തിക്കുക. നിയമപത്രത്തിൽ സൗദിയുടെ കിഴക്കൻ ജെറുസലേമിലേക്കുള്ള ഫലസ്തീൻ അംബാസിഡർ എന്നാണ് രേഖപ്പെടുത്തിയത്. ഇതിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. കിഴക്കൻ ജെറുസലേമാണ് ഇസ്രയേലും തലസ്ഥാനമായി ആഗ്രഹിക്കുന്നത്. എന്നാൽ കിഴക്കൻ ജെറുസലേം ആസ്ഥാനമായുള്ള സൗദി രാഷ്ട്രമാണ് സൗദിയുൾപ്പെടെ അറബ് രാജ്യങ്ങൾ ഇസ്രയേൽ ബന്ധത്തിന് വേണ്ടി ആവശ്യപ്പെടുന്ന നിബന്ധന. രേഖയിൽ ഇവ്വിധം കാണിച്ചത് സൗദിയുടെ ഫലസ്തീൻ ബന്ധം ശക്തമായി തുടരുമെന്നതിന്റെ സൂചനയാണെന്ന് റോയിട്ടേഴ്സ് ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. ഇക്കാര്യം നിയുക്ത സൗദി അംബാസിഡറും വ്യക്തമാക്കി.
കിഴക്കൻ ജെറുസലേം ആസ്ഥാനമായുള്ള ഫലസ്തീൻ രാഷ്ട്ത്തിനായി സൗദി നിലകൊള്ളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു സൗദി അംബാസിഡർക്കൊപ്പം റിയാദിൽ നിന്നുള്ള ഭരണകൂടത്തിന്റെ പ്രതിനിധി സംഘമുണ്ട്. നാളെ വരെ അവർ വിവിധ വിഷയങ്ങളിൽ ഫലസ്തീൻ പ്രസിഡണ്ടുമായി ചർച്ച തുടരും. ഫലസ്തീനെ വിട്ടൊരു ചർച്ചാ സാധ്യത ഇസ്രയേലുമായി ഇല്ലെന്ന് സൗദി കിരീടാവകാശി വ്യക്തമാക്കിയിരുന്നു. നയതന്ത്ര ബന്ധം സ്ഥാപിക്കാൻ പ്രശ്നമില്ലെന്നും എന്നാൽ ഫലസ്തീൻ വിഷയത്തിൽ വിട്ടുവീഴ്ച വേണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതിയ നിയമനം സൗദിയുമായുള്ള ബന്ധം ദൃഢമാക്കുമെന്ന് ഫലസ്തീൻ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസും പറഞ്ഞു.